പേ വിഷബാധയേറ്റുള്ള മരണം കുറയ്ക്കാൻ മുൻകൂട്ടിയുള്ള വാക്സിനേഷൻ

തിരുവനന്തപുരം: പാലക്കാട്ടെ കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷബാധയേറ്റ് മരിച്ച സംഭവിച്ച കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പെണ്‍കുട്ടി പേ വിഷബാധയ്‌ക്കെതിരെയുള്ള എല്ലാ വാക്‌സിനുകളും എടുത്തിരുന്നു എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ ഇക്കൊല്ലം ഇതുവരെ 14 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്.

മനുഷ്യ, പരിസ്ഥിതി, മൃഗ മേഖലകളിലെ യോജിച്ചുള്ള പ്രവര്‍ത്തനം പേ വിഷബാധയെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. വാക്‌സിന്‍ എഠുക്കുന്നതില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇനിയും പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. മനുഷ്യനിലെയും മൃഗങ്ങളിലെയും പേ വിഷബാധയെ ശക്തമായി നിരീക്ഷിക്കണം. മൃഗങ്ങളിലെയും പേ വിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ നല്‍കല്‍ ശക്തമാക്കുക തുടങ്ങിയവയാണ് പ്രതിവിധികള്‍. മൃഗങ്ങളുടെ ജനന നിയന്ത്രണവും അത്യാവശ്യം തന്നെ. ഇതിന് പുറമെ പേവിഷബാധയ്‌ക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കണം.

മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എടുക്കേണ്ടതുണ്ട്. അതേസമയം വിഷബാധയേറ്റ ശേഷം മാത്രമുള്ള ചികിത്സ കൊണ്ട് കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്‍ വൈകുന്നതും പകുതി വാക്‌സിനും അപകടം വര്‍ദ്ധിപ്പിക്കും. അത് കൊണ്ട് തന്നെ നേരത്തെ വാക്‌സിന്‍ സ്വീകരിക്കുന്നതാകും ഉചിതം

പേ വിഷബാധ നാഡികോശങ്ങളെയാണ് ബാധിക്കുന്നത്. അത് കൊണ്ട് തന്നെ മൃഗങ്ങളുടെ കടിയേറ്റ ശേഷം എത്രവേഗത്തില്‍ വാക്‌സിന്‍ എടുത്താലും വൈറസുകള്‍ നമ്മുടെ നാഡീവ്യൂഹത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ മൃഗങ്ങളുടെ കടിയേല്‍ക്കും മുമ്പ് തന്നെ നമ്മുടെ ശരീരത്തിന് പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതാണ് ഉചിതം. വാക്‌സിന്‍ എടുത്ത് ഏഴ് മുതല്‍ പതിനാല് ദിവസങ്ങള്‍ക്കകം മാത്രമേ ആന്റിബോഡി രൂപപ്പടുകയും ഇത് വൈറസിനെ പ്രതിരോധിക്കുകയുമുള്ളൂ. എന്നാല്‍ നേരത്തെ തന്നെ വാക്‌സിന്‍ എടുത്താല്‍ ശരീരത്തിന് പേ വിഷബാധയേല്‍ക്കുമ്പോള്‍ തന്നെ പ്രതിരോധിക്കാനാകും.

കടിയേറ്റ് കഴിഞ്ഞാല്‍ പിന്നീട് ഒരു ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യകത മാത്രമേ ഉള്ളൂ. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ തന്നെ മുറിവ് കഴുകുക തന്നെയാണ് ആദ്യം ചെയ്യേണ്ടത് .എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിലൂടെ പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ കുറയ്ക്കാനാകുമെന്നും ഈ രംഗത്തുള്ള വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

Advertisement