തിരുവനന്തപുരം.സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനത്തിന് നേരെ ബോംബേറുണ്ടായി രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്.ആക്രമിയെ തിരിച്ചറിയാൻ പോലും പോലീസിന് കഴിഞ്ഞില്ല എന്നുള്ളത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.അതിനിടെ പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസിൽ പ്രതിയാക്കിയതും വിമർശനങ്ങൾക്ക് വഴിയൊരുക്കി.

സർക്കാരും പോലീസും ഒരു പോലെ പ്രതിരോധത്തിലാവുകയാണ്.സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിന് നേരെ ബോംബ് എറിഞ്ഞു രണ്ടു ദിവസം പിന്നിട്ടിട്ടും പോലീസ് ഇരുട്ടിൽ തപ്പുകയാണ്.70 ഓളം സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പ്രത്യേക സംഘം സംശയം തോന്നിയ ചിലരെ കസ്റ്റഡിയിൽ എടുത്തു.ചിലരെ നിരീക്ഷിച്ചു വരികയാണ്.ആകെ സ്ഥിരീകരിക്കാൻ കഴിഞ്ഞത് ബോംബെറിഞ്ഞ ആൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നു മാത്രം.


വഴിക്ക് വെച്ച് മറ്റൊരു സ്വകൂട്ടറിൽ എത്തിയയാൾ അക്രമിക്കു സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ കൈമാറിയെന്നും
ഇയാൾ പിന്നീട് തിരിച്ചു പോയെന്നും പോലീസ് സ്ഥിരീകരിച്ചു.ബോംബ് എറിഞ്ഞയാൾ സഞ്ചരിച്ചത് ചുവന്ന നിറമുള്ള സ്കൂട്ടറിലാണെന്നും പോലീസ് കണ്ടെത്തി.


അതിനിടയിലാണ് പോലീസിന്റെ അറസ്റ്റ് നാടകം.സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത ആളെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു.അന്തിയൂർകോണം സ്വദേശി റിജുവിനെ അറസ്റ്റ് ചെയ്തത് എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടതിനാണ്.ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.റിജുവിനെ ഇന്നലെ വൈകിട്ട് മൂന്നു മണിക്കാണ് കസ്റ്റഡിയിൽ എടുത്തത്. 30 മണിക്കൂറിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതും.