തിരുവനന്തപുരം . പീഡന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പുതിയ ആരോപണത്തിന്റെ പോര്‍മുനയുമായി പി സി ജോര്‍ജ്ജ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഫാരിസ് അബൂബക്കറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രധാന ആരോപണം.അതേ സമയം ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷൻ തീരുമാനം.
സോളാര്‍ തട്ടിപ്പ് കേസ് പ്രതിയെ തനിക്കെതിരെ രംഗത്തിറക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് പിസി ജോര്‍ജ്ജ് ഉറച്ച് വിശ്വസിക്കുന്നു.എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയും അനുമതിയോടെയാണെന്ന കാര്യത്തിലും പി.സി. ജോർജ്ജിന് സംശയമില്ല. അതിനാലാണ് ജാമ്യം കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പി സി ജോർജ്ജ് കടുത്ത ആരോപണങ്ങള്‍ ഉയർത്തിയത്.ഫാരിസ് അബൂബക്കര്‍ അമേരിക്കയില്‍ നടത്തിയ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കാളിത്തമുണ്ടെന്നായിരുന്നു എന്നാണ് പി സിയുടെ പ്രധാന ആരോപണം.മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രകള്‍ അന്വേഷിക്കണമെന്ന ആവശ്യവും പിസി ജോര്‍ജ്ജ് ഉന്നയിക്കുന്നു.മുഖ്യമന്ത്രിയുടെ മകൾക്കെതിരെയും പി.സി.ജോർജ്ജ് ആക്ഷേപം ഉന്നയിച്ചു.
കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്കി മുഖ്യമന്ത്രിക്കെതിരെ പുതിയ അന്വേഷണത്തിന് കളം ഒരുക്കുകയാണ് പി സി ജോർജ്ജിന്റെ ലക്ഷ്യം.ജാമ്യം നല്കിയ തിരുവനന്തപരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിന് എതിരെ പ്രോസിക്യൂഷന് അപ്പീല്‍ നല്‍കും.