തിരുവനന്തപുരം . സോളാർ കേസിലെ പരാതിക്കാരിയുടെ പീഡന
പരാതിയിൽ പി.സി. ജോർജ് അറസ്റ്റിൽ. സ്വർണ്ണകടത്ത് ഗൂഢാലോചനയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു നാടകീയ അറസ്റ്റ്. സത്യം തെളിയിച്ച് പുറത്തു വരുമെന്ന് പി.സി മാധ്യമങ്ങളോട്’ പറഞ്ഞു. നന്ദാവനം പൊലീസ് ക്യാമ്പിലെത്തിച്ച പി.സി ജോർജിനെ കോടതിയിൽ ഹാജരാക്കും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു പൊലീസിന്റെ നിർണായക നീക്കം. സോളാർ കേസ് പരാതിക്കാരി നൽകിയ പീഡന പരാതിയിൽ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 354, 354 (A) വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പീഡിപ്പിക്കാൻ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് എഫ്.ഐ.ആറിലെ പരാമർശങ്ങൾ

അതേസമയം, ആരെയും പീഡിപ്പിക്കില്ലെന്നും പിണറായിയുടെ മര്യാദകേട് ദൈവം ക്ഷമിക്കട്ടെ എന്നും ജോർജ് പറഞ്ഞു.പരാതിക്കാരിക്ക് മറ്റൊരു കേസിൽ താൻ സാക്ഷിപറയാത്തതിന്റെ വൈരാഗ്യമാണ്.

യഥാർത്ഥത്തിൽ പീഡിപ്പിച്ചവരെ സന്തോഷമായി നടക്കുന്നു, അവരോട് മാന്യമായി പെരുമാറിയ എന്നെ കുടുക്കുന്നു.ഇതുകൊണ്ടൊന്നും പിണറായി രക്ഷപ്പെടില്ല.ഇതിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായിപെരുമാറിയതിന് പിസി ജോര്‍ജ്ജിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയല്ല എന്ന ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നാല്‍ നിങ്ങളുടെ പേര് പറയട്ടേ എന്നായിരുന്നു ജോര്‍ജ്ജിന്‍റെ മറുപടി.

പി സി ജോർജിന്റെ അറസ്റ്റിനു പിന്നിൽ പിണറായി വിജയന്റെ കളിയെന്ന് ഭാര്യ ഉഷ ജോർജ് പ്രതികരിച്ചു. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോയെന്നും ഉഷ ജോർജ് ചോദിച്ചു.ഞാൻ പിണറായി വിജയനെ കാണുന്നുണ്ട്,തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോർജ്ജ്.ഇത് പിണറായിയുടെ കളി,രാഷ്ട്രീയ വൈരാഗ്യമാണിത്

ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ.പിസി ജോർജ്ജ് സിൻസിയർ ആയതാണ് പ്രശ്നം.പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട് ; ഞാൻ സംസാരിച്ചിട്ടുണ്ട്.അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു

സാക്ഷി ആക്കാമെന്ന് പറഞ്ഞാണ് പോലീസ് വിളിച്ചു കൊണ്ട് പോയത്.പിണറായിയുടെ പ്രശ്നങ്ങൾ പുറത്ത് വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്.ഉഷ പറഞ്ഞു.

അറസ്റ്റിനിടെ പരാതിക്കാരിയെ മൊഴി രേഖപ്പെടുത്താൻ മ്യൂസിയം പൊലീസ് വിളിച്ചുവരുത്തി. രക്ഷകനായി വന്നയാളിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു.

രക്ഷകനായി വന്നയാളിൽ നിന്ന് ദുരനുഭമുണ്ടായി.കഷ്ടപ്പെട്ട് ജീവിക്കുന്നു എനിക്ക് രാഷ്ട്രീയം ഇല്ല, ഉദ്ദേശ ലക്ഷ്യത്തോടെ അല്ല പരാതി നൽകിയത്.
അന്വേഷണ’ ഉദ്യോഗസ്ഥർ വിളിപ്പിച്ചതിനെ തുടർന്നാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയത്.

അറസ്റ്റുചെയ്ത് നന്ദാവനം പൊലീസ് ക്യാമ്പിലെത്തിച്ച പി.സി ജോർജിനെ കോടതിയിൽ ഹാജരാക്കും