പാലക്കാട്. അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ 10 പ്രതികളെന്ന് ജില്ലാ പൊലീസ് മേധാവി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് കൂട്ടമർദ്ദനത്തിൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടാണ് തർക്കത്തിന് കാരണം.കൃത്യം നടത്തിയ ആറ് പേർ പൊലീസിൻ്റെ പിടിയിലായി


കണ്ണൂരിൽ നിന്ന് കിളികളെക്കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂർ നന്ദകിഷോറും കണ്ണൂർ സ്വദേശി വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് കിട്ടാത്തതിനെ തുടർന്ന് ഇരുവരെയും പ്രതികൾ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു.


ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.നരസിമുക്കിലേക്ക് വിളിച്ച് വരുത്തി നന്ദകിഷോറിനേയു വിനായകനേയും തുടർച്ചയായി മർദ്ദിച്ചു.ഇരുവരും കുഴഞ്ഞ് വീഴും വരെ മർദ്ദിച്ചെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ വിപിൻ പ്രസാദ്, നാഫി, മാരി, രാജീവ് എന്നീ നാലു പേരെയാണ് അഗളി പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.സംഘത്തിലെ മറ്റ് രണ്ട് ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു.അഷ്റഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനി നാല് പേർ കൂടി പിടികൂടാനുണ്ട്.ഇവർകക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പ്രതികളെയും കൊണ്ട് പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.