വയനാട്. മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാൻ രാഹുല്‍ഗാന്ധി എം പി വയനാട്ടിലെത്തി. എംപി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൻ്റെ പാശ്ചാത്തലത്തിലെത്തുന്ന രാഹുലിന് ഡിസിസിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കി. സുരക്ഷ കണക്കിലെടുത്ത് 1500 പോലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചത്. വൈകീട്ട് ബത്തേരിയിൽ നടക്കുന്ന ബഹുജന സംഗമത്തെ രാഹുൽ അഭിസംബോധന ചെയ്യും.

രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മാനന്തവാടിയിൽ ഫാർമേഴ്സ് ബാങ്ക് ബിൽഡിങ്ങിൻ്റെ കെട്ടിടോദ്ഘാടനം രാഹുൽ ഗാന്ധി നിർവ്വഹിച്ചു. ഉച്ചയ്ക്ക് ശേഷം വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. കൽപ്പറ്റയിലെ ആക്രമിക്കപ്പെട്ട എംപി ഓഫീസിലും സന്ദർശനം നടത്തും. ശേഷം സുല്‍ത്താൻ ബത്തേരിയിലെ ഗാന്ധി സ്‌ക്വയറില്‍ ബഫർ സോൺ വിഷയമുയർത്തി നടത്തുന്ന ബഹുജനസംഗമത്തെ രാഹുൽ അഭിസംബോധന ചെയ്ത് സംസാരിക്കും.

കേരളത്തിലെ മുതിർന്ന യുഡിഎഫ് നേതാക്കളെല്ലാം റാലിയുടെ ഭാഗമാകും. എകെജി സെൻ്ററിന് നേരേ ബോംബ് ആക്രമണം ഉണ്ടായ പാശ്ചാത്തലത്തിൽ ഐജി അശോക് യാദവ് ഡിഐജി രാഹുൽ ആര് നായർ എന്നിവരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി രാഹുൽ ഗാന്ധിയ്ക്ക് കേരള പോലീസ് സുരക്ഷാ കൂട്ടി. എംപി ഓഫീസ് പോലീസിൻ്റെ സുരക്ഷാ വലയത്തിലാണ്. ഡിസിസി ഓഫീസിനും ടി സിദ്ദീഖ് എംഎൽഎയുടെ ഓഫീസിനും വീടിനും പോലീസ് കാവൽ ഏർപ്പെുത്തിയിട്ടുണ്ട്.