പാലക്കാട്.പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്.മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്.

ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്ന എല്ലാ വാക്സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നതായി പിതാവ് സുഗുണന്‍ പറയുന്നു.നാലാമത്തെ വാക്സിന്‍എടുത്തശേഷം പനിയുണ്ടായി. 28ന് കോളജില്‍ പോയി മടങ്ങിവന്നപ്പോള്‍ വെള്ളം കുടിക്കാനായില്ല.തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെതുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ നൽകിയിരുന്നു. വാക്സിന്‍ എടുത്ത ശ്രീലക്ഷ്മിക്ക് പേയ് വിഷബാധ ഉണ്ടായത് വലിയ ഞെട്ടലാണ് ആരോഗ്യ രംഗത്തുണ്ടാക്കുന്നത്. സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉത്തരവിട്ടു.