കണ്ണൂർ. തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സിങ്ങ് സ്റ്റാഫ് ജോബിയ ജോസഫാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. അമിത വേഗതയിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് വൈകിട്ട് 3 മണിയോടെ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ തെന്നിമറിയുകയായിരുന്നു. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം.

ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരി ജോബിയ ജോസഫിനെ അഗ്നിശമന സേനയെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മേഖലയിൽ അപകടം പതിവാക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.