താര സംഘടനയായ അമ്മയെ ച്ചൊല്ലി പടകാളിച്ചണ്ടി. പ്രസിദ്ധമായ യോദ്ധ സിനിമയിലെ കാവിലെ പാട്ടുമല്‍സരം പോലയാണ് മൂന്നുദിവസമായി നടക്കുന്ന വാക് പോര്. അമ്മ ക്ലബ്ബ് ആണെന്ന് പ്രസിഡൻ്റ് മോഹൻലാൽ പറഞ്ഞാൽ സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്ന് ഗണേഷ്കുമാർ പറഞ്ഞു. ഇടവേള ബാബുവിനും ഷമ്മി തിലകനുമെതിരെ രൂക്ഷമായ ഭാഷയിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.

ഗണേഷ് കുമാറിന് ഇടവേളബാബു അമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി നൽകിയ മറുപടിയുടെ ചുവടുപിടിച്ചായിരുന്നു ഇന്നത്തെ ഗണേഷ് കുമാറിൻ്റെ വാർത്ത സമ്മേളനം. താൻ ചോദിച്ച ഒരു ചോദ്യത്തിനും ഇടവേള ബാബു മറുപടി പറഞ്ഞില്ലെന്ന് ഗണേഷ് കുമാർ ആരോപിച്ചു. വാശിയോടെ അമ്മ ക്ലബ്ബാണ് എന്ന പ്രസ്താവനയിൽ ഇടവേള ബാബു ഉറച്ചു നിൽക്കുന്നത് ആരെ സംരക്ഷിക്കാനാണ് എന്ന് ഗണേഷ് കുമാർ ചോദിച്ചു.

ബിനീഷ് കോടിയേരിയുടെ കേസ് വിജയ് ബാബുവിൻ്റേത് പോലെയല്ലെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ല. പിന്നെ എങ്ങനെയാണ് ആ വിഷയത്തിൽ താൻ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് ഗണേഷ് കുമാർ ചോദിച്ചു.

ഷമ്മി തിലകൻ്റെ വാദങ്ങളും ഗണേഷ് കുമാർ തള്ളി. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പ്രയോഗമാണ് ഷമ്മിയുടെ പരാമർശങ്ങൾക്ക് മറുപടിയെന്ന് ഗണേഷ് പ്രതികരിച്ചു.

അമ്മയുടെ വാർഷിക ജനറൽ ബോഡി കഴിഞ്ഞ് ദിവസങ്ങളായിട്ടും വാഗ്വാദം തുടരുകയാണ്, അണിയറയിലും അരങ്ങത്തും ചിലര്‍ പക്ഷം ചേരുന്നത് സംഘടനയ്ക്ക് തലവേദനയായിരിക്കുകയാണ്. പടകാളിച്ചണ്ടിയുടെ ഒടുക്കം പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയില്‍കെട്ടുമെടാ എന്ന സമാപന രംഗംപോലെയായിരിക്കയാണ് കാര്യങ്ങള്‍