ഡബ്ലിൻ: ഇന്ത്യ-അയർലെൻഡ് രണ്ടാം ടി20 മത്സരത്തിന് ശേഷം അജയ് ജഡേജയുമായി മലയാളത്തിൽ സംസാരിച്ച് സഞ്ജു ആരാധകരുടെ കയ്യടി നേടി. അർഹിച്ച സെഞ്ചുറി നഷ്ടമായതില്‍ നിരാശയുണ്ടോ എന്ന അജയ് ജഡേജയുടെ ചോദ്യത്തിന് അടുത്ത് തന്നെ ഒരു ദിവസം ഇതുപോലൊരു സ്‌കോറിലേക്ക് തനിക്ക് എത്താനാവും എന്നാണ് സഞ്ജു സാംസൺ മറുപടി നല്‍കിയത്. 
മത്സരത്തിൽ അങ്ങനെ ഒരു സാഹചര്യത്തില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ഹൂഡ എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തുടക്കം മുതല്‍ അടിച്ച് കളിക്കുകയാണ് ഹൂഡ ചെയ്തത്.

ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം വളരെ നന്നായി നടന്നു. ഹൂഡ നന്നായി കളിക്കുമ്പോള്‍ അവന് സ്‌ട്രൈക്ക് കൈമാറുക എന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യമായിരുന്നുവെന്നും ബാറ്റിങ്ങിൽ താന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. 


എന്നാല്‍ നീയും സെഞ്ചുറി അടിച്ച് കാണണം എന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് സഞ്ജുവിനോട് അജയ് ജഡേജ പറഞ്ഞു. സഞ്ജുവിനും ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടാവും. ഞങ്ങള്‍ എല്ലാവരും സഞ്ജുവിന്റെ വലിയ ആരാധകരാണ്. പ്രത്യേകിച്ച് ഗ്രെയിം സ്വാനും ഞാനും. ബിഗ് സ്‌കോറിലേക്ക് നീ എത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം, ജഡേജ പറഞ്ഞു. അയർലെൻഡുമായുള്ള മത്സരത്തിൽ സഞ്ജു 77 റൺസ് ആണ് സ്കോർ ചെയ്തത്.