തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹ പ്രചാരണത്തിനായി കേരളത്തില്‍ എത്തി. വിമാനത്താവളത്തിലെത്തിയ സിന്‍ഹയെ സ്വീകരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ എത്തിയിരുന്നു.

നരേന്ദ്രമോദിയെ പേടിച്ചാണ് ഇടത് നേതാക്കള്‍ സിന്‍ഹയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. സീതാറാം യെച്ചൂരി കൂടി ചേര്‍ന്നാണ് നാമനിര്‍ദ്ദേശപത്രിക നല്‍കിയത്. എന്നിട്ടും കേരളത്തില്‍ സിപിഎം നേതാക്കള്‍ ആരും സിന്‍ഹയെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം മോദിക്കൊപ്പം കൂടുമെന്ന് പറയാതെ പറയുകയാണ് ഈ നടപടിയിലൂടെയെന്നും സുധാകരന്‍ ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.