തിരുവനന്തപുരം . സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വർധന.
24 മണിക്കൂറിനിടെ 4459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.15 പേർ രോഗം ബാധിച്ച് മരിച്ചു. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് പരിശോധനയും നടപടികളും കർശനമാക്കാൻ ജില്ലാപൊലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകി.

എറണാകുളത്തും തിരുവനന്തപുരത്തും ആയിരത്തിലധികം പ്രതിദിന രോഗികൾ. ഈ ജില്ലകളിൽ 1081ഉം 1162ഉമാണ് യഥാക്രമം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഈ മാസം ഇത് മൂന്നാമതാണ് രോഗികളുടെ എണ്ണം നാലായിരം കടക്കുന്നതെങ്കിലും ഇന്നത്തേതാണ് ഏറ്റവും ഉയർന്ന കണക്ക്. പതിനഞ്ച് കൊവിഡ് മരണങ്ങളിൽ 5 എണ്ണം കോഴിക്കോട് ജില്ലയിൽ. 24മണിക്കൂറിനിടെ 3668 പേർ രോഗമുക്തിയും നേടി. കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പിൻറെ അറിയിപ്പ്.

ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലാത്തത്‌ ആശ്വാസമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
അതിനിടെ കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്ക് പരിശോധ പൊലീസ് കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകി.