കൊച്ചി.നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി വിചാരണ കോടതി .ഇത് രണ്ടാം തവണയാണ് ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളുന്നത്. വിചാരണ കോടതി വിധിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ.ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നാളെയും വാദം തുടരും.

നടിയെ അക്രമിച്ച കേസില്‍ 2017 ഒക്ടോബർ 3 നാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
ജാമ്യം നല്‍കിയപ്പോള്‍ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥകൾ പ്രതിയായ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻസാക്ഷികളായ ആലുവയിലെ ഡോക്ടര്‍ ഹൈദരലി, സഹോദരൻ അനൂപ് എന്നിവരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷർ ആരോപണം. കേസില്‍ നിര്‍ണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നടക്കമുള്ള കാരണങ്ങളാണ് ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിൻ്റെ കാതൽ. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളി.


ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് മതിയായ തെളിവുകൾ ഇല്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഇത് രണ്ടാം തവണയാണ് ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തളളുന്നത്.
ഉത്തരവിൻ്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ മാത്രമേ കോടതിയുടെ കൂടുതൽ നിരീക്ഷണങ്ങൾ വ്യക്തമാകു. വിചാരണ കോടതി വിധിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള
മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞു.
മെമ്മറി കാർഡിന്റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാം.
വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് കോടതിയിൽ വാദിച്ചു.
എന്നാൽ മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വീണ്ടും ദിലീപിനോട് കോടതി ചോദിച്ചു.ഹർജിയിൽ നാളെയും വാദം തുടരും..