തിരുവനന്തപുരം: മകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുഡിഎഫ് എംഎല്‍എ മാത്യു കുഴല്‍നാടനോട് സഭയില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്.

മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനേയും കാട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ്. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാല്‍ ഞാന്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ..പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ എന്റെ മകളുടെ മെന്ററായിട്ട് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്..എന്തും പറയാമെന്നാണോ..അതൊക്കെ മനസ്സില്‍ വെച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ച് പറയാനാണോ ഈ സഭാ വേദി ഉപയോഗിക്കേണ്ടത്.

രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. ഞങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്‌കാരം. മറ്റുകൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല’ മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പി.ഡബ്ലയു.സി. ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്ന് കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഴല്‍ നാടനോട്‌ പൊട്ടിത്തെറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.