കൊച്ചി: കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സഫാരിയിലൂടെ ഇതിനകം യാത്ര ചെയ്തത് 9,697 പേര്‍. 2021 നവംബര്‍ മുതലുള്ള യാത്രക്കാരുടെ കണക്കാണിത്. കോതമംഗലം- മൂന്നാര്‍ യാത്രയാണ് കെഎസ്ആര്‍ടിസി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്.

51 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഇതിലൂടെ ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ ചെലവുകളും കഴിച്ച് 25.20 ലക്ഷം രൂപ ലാഭമുണ്ടായി. ഭൂതത്താന്‍ കെട്ട് അണക്കെട്ടിലെ ബോട്ടിംഗ് അടക്കമാണ് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സഫാരി ഒരുക്കിയിട്ടുള്ളത്. ആനക്കുളത്തെ ആനകളെ കാണാനും ലക്ഷ്മി തേയിലത്തോട്ടം, മാമലക്കണ്ടം, കുട്ടംപുഴ, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളും ഈയാത്രയില്‍ കാണാനാകും.

ഇതുവരെ 197 യാത്രകള്‍ ഇതിലൂടെ നടന്നു. ഏകദേശം 45,200 കിലോമീറ്റര്‍ യാത്ര. ദിവസവും ഏഴോളം സര്‍വീസുകള്‍ നടത്തിയ ചരിത്രവും ഉണ്ട്. ആവശ്യക്കാര്‍ക്ക് അനുസരിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. പെരുമ്പന്‍കുത്തിനടുത്ത് ഒരു റിസോര്‍ട്ടിലാണ് ഉച്ചയൂണ് ഒരുക്കിയിട്ടുള്ളത്. ഉച്ചഭക്ഷണവും ചായയും അടക്കം ഒരാളില്‍ നിന്ന് 700 രൂപയാണ് ഈടാക്കുന്നത്. മൂന്നാര്‍-ആലുവ വഴിയാണ് മടക്കം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447984511