തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ വൻ പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല.

4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും ഇക്കൂട്ടത്തിലുണ്ട്. മിനിസ്‌റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ഇന്നലെ ശമ്പളം വിതരണം ചെയ്‌തിരുന്നു.

ശമ്പളത്തിനായി പ്രക്ഷോഭം കടുപ്പിക്കാനാണ് ഇടതുസംഘടനയായ എഐടിയുസിയുടെ തീരുമാനം. നാളെ ഗതാഗത മന്ത്രിയുടെ വസതിയിൽക്ക് എഐടിയുസി പട്ടിണി മാർച്ച്‌ നടത്തും. മെക്കാനിക്, ദിവസവേതനക്കാർ, ചീഫ് ഓഫിസിലെ ഉദ്യോഗസ്‌ഥർ തുടങ്ങി 4500 ജീവനക്കാർക്ക് ഇനിയും മെയ് മാസം ശമ്പളം വിതരണം ചെയ്‌തിട്ടില്ല. ഇതിനായി 16 കോടി രൂപ വേണം. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ ഇവർക്കുള്ള ശമ്പളം ഇനിയും വൈകുമെന്നാണ് സൂചന.

മിനിസ്‌റ്റീരിയൽ വിഭാഗത്തിൽ വരുന്ന രണ്ടായിരത്തോളം ജീവനക്കാർക്ക് എട്ട് കോടി രൂപ മിച്ചം പിടിച്ച്‌ ഇന്നലെ ശമ്പളം വിതരണം ചെയ്‌തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഡ്രൈവർ, കണ്ടക്‌ടർ തസ്‍തികയിൽ ഉള്ളവർക്കാണ് ആദ്യം ശമ്പളം നൽകിയതും അതും മാസം പകുതി പിന്നിട്ട ശേഷം ശമ്പള വിതരണത്തിന് ശാശ്വത പരിഹാരം തേടി ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾക്ക് പുറമേ ഭരണകക്ഷി യൂണിയനുകളായ സിഐടിയുവും എഐടിയുസിയും സമരരംഗത്താണ്.നാളെ രാവിലെ നടക്കുന്ന പട്ടിണി മാർച്ചിൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും. അംഗീകൃത തൊഴിലാളി സംഘടനകളുമായി നാളെ ഗതാഗതമന്ത്രി ചർച്ച നടത്തും. ചർച്ചയിൽ പരിഹാരം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.