തൃശൂർ: മലയാള സിനിമാ രംഗത്ത് സഹസംവിധായകയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ കോവിഡ് ബാധിതയായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വാസം മുട്ടലുണ്ടായിരുന്നു. രാത്രി 10.30ന് ഹൃദയാഘാതമുണ്ടായാണ് മരണം. വൈറസ് , കുമ്പളങ്ങി നൈറ്റ്സ് എന്നിവ അവരുടെ സമീപകാല സിനിമകളിൽ ചിലതാണ്.മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച അംബികാ റാവു , തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്.സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളിൽ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകർക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, ടു ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ്‌ ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ്‌ ഇൻ, പ്രണയം, സാൾട് &പെപ്പർ, തിരുവമ്പാടി തമ്പാൻ, ഫേസ് ടു ഫേസ്, അഞ്ച് സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.. “ദി കോച്ച്” എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളിൽ അറിയപ്പെടുന്നത്. അന്യഭാഷാ നടികൾക്ക് മലയാളം ഡൈലോഗുകൾക്ക് ലിപ് സിങ്ക് ചെയ്യാൻ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര് രാമൻകുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്‌മേറ്റ്സ്, കിസാൻ, പരുന്ത്, സീതാകല്യാണം, ടൂർണമെന്റ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷത്തിൽ അടുത്ത കാലത്ത് അഭിനയരംഗത്ത്‌ ശ്രദ്ധേയമായ കഥാപാത്രമാണ്. രണ്ട് വർഷത്തോളമായി ചികിൽസയെ തുടർന്ന് അഭിനയരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. തൃശൂരിൽ സഹോദരൻ തബല മൃദംഗം കലാകാരൻ കൂടിയായ അജിത്തിന്റെ വീട്ടിലായിരുന്നു താമസം. അംബികയുടെ ചികിൽസക്കായി സംവിധായകരായ ലാൽ ജോസ്, അനൂപ്, നടൻമാരായ സാദിഖ്, ഇർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സഹായ സമിതി രൂപവൽക്കരിച്ച് പ്രവർത്തനങ്ങളിലായിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് 36ാം വയസിൽ അവർ സിനിമയിൽ പ്രവേശിച്ചത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. മക്കൾ: രാഹുൽ, സോഹൻ.