ആലപ്പുഴ: കുടിവെള്ളം ചോദിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തിയയാള്‍ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു. ഇതര സംസ്ഥാനക്കാരന്‍ എന്നു സംശയിക്കുന്ന യുവാവാണ് പണവുമായി കടന്നത്.
ആലപ്പുഴ ജില്ലയിലെ മുഹമ്മയിലാണ് സംഭവം. മുഹമ്മ ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കാണ് കയ്യില്‍ രണ്ടു സഞ്ചിയുമായി യുവാവ് വീട്ടില്‍ എത്തിയത്.

വെള്ളം ചോദിച്ചാണ് യുവാവ് എത്തിയത്. ബാലാനന്ദന്‍ വെള്ളം എടുക്കാന്‍ അടുക്കളയിലേക്കു പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു.
ഇതു കണ്ട ബാലാനന്ദന്‍ മോഷ്ടാവിനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ മോഷ്ടാവ് ബാലാനന്ദനെ മുറിയിലിട്ടു പൂട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ബാലാനന്ദനെ രക്ഷപ്പെടുത്തിയത്. പരാതിയെ തുടര്‍ന്ന് മുഹമ്മ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.