കൊച്ചി.അമ്മയെ തിരുത്തി നിരീക്ഷക സമിതി.
എല്ലാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷയുടെ സാന്നിധ്യത്തിൽ ചേർന്ന നിരീക്ഷക സമിതിയിൽ തീരുമാനം.അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വീണ്ടും ആരംഭിക്കും. അതേസമയം താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ കെ ബി ഗണേഷ് കുമാർ എം.എൽ.എ രംഗത്തെത്തി. പരാമർശം പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു. 

തൊഴിൽദാതാവ് അല്ലാത്ത താരസംഘടന, അമ്മയ്ക്ക് എന്തിന് ആഭ്യന്തര പരാതി പരിഹാര സെൽ എന്നായിരുന്നു ഇന്നലെ അമ്മ ഭാരവാഹികൾ ചോദിച്ചത്. അമ്മയിൽ 
ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായെന്ന് പ്രഖ്യാപനവും നടത്തി.മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പേ ആ തീരുമാനം മാറ്റാൻ അമ്മ നിർബന്ധിതരായിരിക്കുകയാണ്. എല്ലാ സിനിമ സംഘടനകളിലും ICC വേണമെന്ന് ഫിലിം ചേംബറിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ ചേർന്ന മോണിട്ടറിങ് കമ്മിറ്റിയുടെ രൂപീകരണ യോഗം വിലയിരുത്തി.അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വീണ്ടും ആരംഭിക്കും.
സ്ത്രീകള്‍ക്കെതിരെ നീങ്ങുന്ന ആരെയും ഒരു സംഘടനയും സംരക്ഷിക്കരുതെന്നും ഹൈക്കോടതിയിൽ അമ്മ നൽകിയ മറുപടി പ്രകാരം ICC ഉണ്ടായിരിക്കണമെന്നത് ചട്ടമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. 

ദേവി ചന്ദന, ബാബുരാജ്, സുരേഷ് കൃഷ്ണ എന്നിവർ അംഗങ്ങളായിട്ടായിരിക്കും അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെൽ. 
ഓരോ സിനിമാ സെറ്റുകളിലും ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ ഉണ്ടാകും. ഇതിന്റെ ഏകോപനത്തിന് 27 പേരടങ്ങുന്ന മോണിട്ടറിങ് കമ്മിറ്റി നിലവിൽവരും. ഫിലിം ചേമ്പറിൻ്റെ നേതൃത്വത്തിലാണ് മോണിട്ടറിങ് കമ്മിറ്റി. 

അതിനിടെ അമ്മ ക്ലബാണെന്ന് പറഞ്ഞ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ രംഗത്തെത്തി.  ഷമ്മി തിലകൻ പറഞ്ഞ പലകാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.