കോഴിക്കോട്. ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. പ്രതികൾക്കെതിരെ പോലീസ് വധശ്രമക്കുറ്റം കൂടി ചുമത്തി. അതിനിടെ ബാലുശ്ശേരിയിൽ എസ്ഡിപിഐയുടെ മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു..

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ ജിഷ്ണു രാജിനെ ആക്രമിച്ച മൂന്ന് പേരെ കൂടി ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവർത്തകരായ ജുനൈദ്, മുഹമ്മദ്‌ സുൾഫി, റംഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ലീഗ് പ്രവർത്തകരടക്കം ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ 29 പ്രതികൾ ആണുള്ളത്. ജിഷ്ണുരാജിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകനടക്കം മറ്റ് പ്രതികൾ ഒളിവിലാണ്.

വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ ബാലുശ്ശേരി പോലീസ് വധശ്രമക്കുറ്റവും ചുമത്തി. പോലീസ് എത്തുമ്പോഴേക്കും ആക്രമികളിൽ ചിലർ ഓടി രക്ഷപ്പെട്ടിരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ബാലുശ്ശേരിയിൽ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഉച്ചഭാഷിണി അടക്കം പിടിച്ചെടുത്തു. തുടർന്ന് പോലീസ് തടഞ്ഞ സ്ഥലത്ത് വെച്ച് എസ്ഡിപിഐ പൊതുയോഗം നടത്തി.