പത്തനാപുരം. മലയാള സിനിമാതാര സംഘടനയായ അമ്മ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍. ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. അമ്മ ക്ലബ്ബ് അല്ലെന്നും ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതില്‍ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍ മോഹന്‍ലാല്‍ വ്യക്തമാക്കട്ടേയെന്നും, ഇടവേള ബാബു പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.


ആരോപണ വിധേയനായ വിജയ് ബാബു ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ആരോപണം ഉണ്ട്. അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അവര്‍ പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ഷമ്മി തിലകന്‍ പറഞ്ഞ പലകാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ട്. താന്‍ കത്ത് നല്‍കിയപ്പോഴും അമ്മയില്‍ നിന്നും മറുപടി നല്‍കിയില്ല. ഇതുസംബന്ധിച്ച് മോഹന്‍ലാലിന് കത്ത് എഴുതും. പാര്‍വ്വതിയും ശ്വേതമേനോനും എന്തിന് രാജിവെച്ചുവെന്നും അദ്ദേഹം ചോദിച്ചു. ദിലീപ് രാജി വച്ചത് പോലെ വിജയ് ബാബുവും രാജി വെക്കണം. അമ്മയുടെ യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തു. നടപടിക്രമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം അറിയിച്ചു.