കൊച്ചി.യുവ നടിയെ പീ‍ഡിപ്പിച്ചുവെന്ന കേസിൽ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന മുൻ‌കൂർ ജാമ്യ ഉത്തരവിലെ നിർദേശം അനുസരിച്ചാണ് ഹാജരാകുക. കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സി ഐ ക്ക് മുൻപാകെ ആണ് വിജയ് ബാബു ഹാജരാകേണ്ടത്. ഇന്ന് മുതൽ ജൂലൈ 3വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താം. അറസ്റ്റ് രേഖപെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നാണ് കോടതി നിർദേശം. ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.