courtesy. kidilan trolls, fb

2022 ജൂൺ 27 തിങ്കൾ

BREAKING NEWS

👉 പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കം.

👉 പ്രതിപക്ഷത്തെ മൂന്ന് യുവ എം എൽ എ മാർ കറുത്ത ഷർട്ടും, കറുത്ത മാസ്ക്കും അണിഞ്ഞ്നിയമ സഭയിൽ എത്തി.

👉 കോഴിക്കോട് ആവിക്കല്ലിൽ മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ഇന്നും പ്രതിധേം. സ്ഥലത്ത് വൻ പോലീസ് സന്നാഹം.

👉 യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിനെ ഇന്ന് മുതൽ ജൂലൈ മൂന്ന് വരെ ചോദ്യം ചെയ്യും.

👉 ബാലുശ്ശേരിയിലെ ആൾകൂട്ട ആക്രമണ കേസിലെ പ്രതികൾക്കെതിരെ വധശ്രമത്തിനും കേസ്.

👉 മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേയ്ക്ക് ഒപ്പമുള്ള എംഎൽഎ മരെ അയോഗ്യരാക്കുന്നതിന് എതിരായ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

കേരളീയം

🙏കേരളത്തില്‍ നിയമസഭാ സമ്മേളനം ഇന്നു മുതല്‍. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കല്‍, സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്, ബഫര്‍സോണ്‍ വിവാദം, വൈദ്യുതി നിരക്കു വര്‍ധന തുടങ്ങിയ വിഷയങ്ങളും വാക്കേറ്റത്തിന് ഇടയാക്കും.

🙏എസ്എഫ്ഐ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്നു പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. എസ്എഫ്ഐ ആര്‍എസ്എസിനു വിടുപണി ചെയ്യുകയാണെന്ന് അഭിജിത്ത് ആരോപിച്ചു.

🙏തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഓപ്പണ്‍ ബാലറ്റ്. വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. വോട്ടു രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകില്‍ പേരും ഒപ്പും രേഖപ്പെടുത്തണമെന്നും ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

🙏സംസ്ഥാനത്ത് ഇടതുവിരുദ്ധ മഹാസഖ്യമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സഖ്യത്തിന്റെ തുടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കണ്ടു. ന്യൂനപക്ഷങ്ങളെ യുഡിഎഫ് വശത്താക്കിയെന്നും കോടിയേരി.

🙏വൈദ്യുതി നിരക്ക്, ബസ് ചാര്‍ജ്, വെള്ളക്കരം എന്നിവ വര്‍ധിപ്പിച്ച്, കെ റെയില്‍ മഞ്ഞകുറ്റികള്‍ ജനങ്ങളുടെ നെഞ്ചത്ത് നാട്ടിയശേഷം, ഫണ്ട് പിരിവിനിറങ്ങിയ സിപിഎമ്മിന്റെ തൊലിക്കട്ടി അപാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

🙏കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഏഴു പേര്‍ അറസ്റ്റില്‍. ഇടനിലക്കാര്‍ വഴി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കെട്ടിട നമ്പര്‍ നല്‍കിയതിനാണ് അറസ്റ്റ്.

🙏കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന ‘ഉടമകളുടെ ആസ്തി പിടിച്ചെടുക്കല്‍’ സമരത്തിന്റെ ഭാഗമായി ജ്വല്ലറിയുടെ എംഡിയും ഒന്നാം പ്രതിയുമായ വി.പി. സമീറിന്റെ വീടും സ്ഥലവും സമര സഹായ സമിതിക്കാര്‍ കൈവശപ്പെടുത്തി കൊടി കെട്ടി.

🙏കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി. സിദ്ധീഖിന്റെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഗണ്‍മാന്‍ സിബിനെ സസ്പെന്‍ഡ് ചെയ്തത്.

🙏ഇന്ത്യയില്‍ ആദ്യമായി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മ്മിച്ച ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ബാര്‍ജുകള്‍ നോര്‍വേക്കു കൈമാറി. പ്രത്യേക കപ്പലിലാണ് ബാര്‍ജുകള്‍ നോര്‍വേയിലെത്തിക്കുക. 16 കണ്ടെയ്നറുകളെ വരെ വഹിക്കാന്‍ ഈ ബാര്‍ജുകള്‍ക്കാകും. 65 കോടി രൂപയാണ് ഒരു ബാര്‍ജിന്റെ നിര്‍മാണച്ചെലവ്.

🙏കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവായല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരേയാണു കല്‍പ്പറ്റ പൊലീസ് കേസെടുത്തത്.

🙏മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചു.

🙏എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 86 വയസായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘ഒരു നേരമെങ്കിലും…’, ‘ഉദിച്ചുയര്‍ന്നു മാമലമേലേ..’, ‘കാനനവാസാ കലിയുഗ വരദാ…’ തുടങ്ങി മലയാളികള്‍ക്കു പ്രിയങ്കരമായ 2500 ലേറെ ഭക്തിഗാനങ്ങള്‍ രചിച്ചു. സിനിമകള്‍ക്കു തിരക്കഥയും എഴുതിയിട്ടുണ്ട്. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പതിനെട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

🙏സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ നിയമസഭയില്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിനെതിരെ ഓര്‍ത്തഡോക്സ് സഭ. സ്വകാര്യ ബില്‍ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓര്‍ത്തഡോക്സ് സഭ കുറ്റപ്പെടുത്തി.

🙏അവശരായ അംഗങ്ങള്‍ക്ക് ആജീവനാന്ത സഹായം നല്‍കാന്‍ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്റ്റേജ് ഷോ സംഘടിപ്പിക്കും. വാര്‍ധക്യകാലത്ത് അംഗങ്ങള്‍ക്ക് സംഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അംഗത്വഫീസ് ഇരട്ടിയാക്കി. ജിഎസ്ടി ഉള്‍പ്പെടെ രണ്ട് ലക്ഷത്തി അയ്യായിരം രൂപയാണ് ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു.

🙏ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റു പല ക്ലബ്ബുകളിലും അംഗമാണ്.

🙏അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീഡിയോകളില്‍ കാണാനാകും.

🙏ഷമ്മി തിലകനെ പുറത്താക്കിയെന്ന പ്രചാരണം ശരിയല്ലെന്ന് താരസംഘടനയായ അമ്മ. അദ്ദേഹത്തിന്റെ ഭാഗംകൂടി കേട്ടശേഷമേ നടപടിയെടുക്കൂ. ജനറല്‍ ബോഡിക്കല്ല, എക്സിക്യൂട്ടീവിനാണ് പുറത്താക്കാനുള്ള അധികാരമെന്നു നടന്‍ സിദ്ധിഖ് പറഞ്ഞു.


🙏ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തില്‍ മര്‍ദ്ദനത്തിനുശേഷം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒളിവില്‍ പോയ എസ്ഡിപിഐ നേതാവ് സഫീറാണ് ജിഷ്ണുവിന്റെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ചത്.

🙏കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. കീറിയ കൊടി മാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ല. കോണ്‍ഗ്രസ് അക്രമങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ഗഗാറിന്‍.

🙏ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന് താക്കീത്. ശ്രദ്ധക്കുറവുണ്ടായെന്ന് വിലയിരുത്തിയാണ് ഖാദറിനെ താക്കീത് ചെയ്തത്. തീരുമാനം അംഗീകരിക്കുന്നുവെന്നു ഖാദര്‍.

🙏കോഴിക്കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് നടക്കാവ് പണിക്കര്‍ റോഡ് സ്വദേശി സെയ്തലവി (54) യാണ് പിടിയിലായത്.

🙏കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചപ്പോഴാണ് പല്ലന്‍ ഷൈജുവിനെ പിടികൂടിയത്.

🙏കായംകുളത്ത് മയക്കുമരുന്നുമായി 11 പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മോട്ടി എന്ന അമല്‍ ഫാറൂഖും പത്തു പേരുമാണ് പിടിയിലായത്. ഇവരില്‍നിന്ന് 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

🙏സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തൃശൂര്‍ ജില്ലാകളക്ടര്‍ ഹരിത വി കുമാറിന്റെറെയും സംഘത്തിന്റെയും തിരുവാതിര കളി. കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ലയുടെ കുതിപ്പു തുടരുകയാണ്. കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.

ദേശീയം

🙏മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അയോഗ്യരാക്കുന്നതിന് എതിരെയുള്ള ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കി. ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വിമതര്‍ക്കു വേണ്ടി ഹരീഷ് സാല്‍വെയും ഉദ്ധവ് താക്കറെയ്ക്കു വേണ്ടി മനു അഭിഷേക് സിംഗ്‌വിയും വാദിക്കും. വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേന സുരക്ഷ ഏര്‍പ്പെടുത്തി.

🙏മഹാരാഷ്ട്രയില്‍ വിമതരെ പിളര്‍ത്താനുള്ള നീക്കവുമായി ഉദ്ധവ് താക്കറെ പക്ഷം. ഹോട്ടലില്‍ തങ്ങുന്നവരില്‍ 20 വിമത എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തി. ഇതേസമയം ഒമ്പതാമത്തെ ശിവസേന മന്ത്രി കൂടി ഷിന്‍ഡെ പക്ഷത്തേക്കുമാറി. ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള അഞ്ചു മന്ത്രിമാരെ പുറത്താക്കിയേക്കും.

🙏ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എ ആണ് ജനാധിപത്യം. സംസ്‌കാരം, ഭക്ഷണം, വസ്ത്രം, പാരമ്പര്യം വൈവിധ്യം എന്നിവ ജനാധിപത്യത്തെ ഊര്‍ജസ്വലമാക്കുന്നു. അങ്ങനെയുള്ള ഉജ്ജ്വലമായ ജനാധിപത്യത്തിനെതിരായ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥയെന്നും മോദി ജര്‍മനിയില്‍ പറഞ്ഞു.

🙏മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവയ്പാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ബിജെപി എംപിയായ മകന്‍ ജയന്ത് സിന്‍ഹയുടെ പിന്തുണ ലഭിക്കാത്തതിന്റെ പേരില്‍ സങ്കടമില്ല. ‘അവന്‍ അവന്റെ രാജധര്‍മം പിന്തുടരുന്നു, ഞാന്‍ എന്റെ രാഷ്ട്ര ധര്‍മ്മം പിന്തുടരും- അദ്ദേഹം പറഞ്ഞു.

🙏ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ടീസ്റ്റ സെതല്‍വാദ് അടക്കമുള്ളവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഗുജറാത്ത് എടിഎസ് ഡിഐജി ദീപന്‍ ഭദ്രന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു കേസ് അന്വേഷിക്കുക. തീവ്രവാദ വിരുദ്ധ സേനയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

.

courtesy. troll kerala, fb

🙏ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ ആംആദ്മി പാര്‍ട്ടിക്കും സമാജ്വാദി പാര്‍ട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബിലെ ഏക സിറ്റിംഗ് സീറ്റ് ആപ്പിനു നഷ്ടമായി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍ രാജിവച്ച സംഗ്രൂര്‍ മണ്ഡലം ശിരോമണി അകാലിദള്‍ അമൃത്സര്‍ വിഭാഗം പിടിച്ചെടുത്തു.

🙏തെരഞ്ഞെടുപ്പ് ഫലത്തിനു പിറകേ, ത്രിപുരയില്‍ ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷം. കോണ്‍ഗ്രസ് ഭവനു മുന്നിലാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ത്രിപുര പിസിസി അധ്യക്ഷന്‍ ബിരജിത് സിന്‍ഹ ഉള്‍പ്പെടെ 19 പേര്‍ക്ക് പരിക്കേറ്റു.

🙏ബിഹാറിലെ ഹാജിപൂരിലുള്ള ജ്വല്ലറിയില്‍ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവര്‍ച്ച നടത്തി. ആയുധധാരികളായ അഞ്ച് കവര്‍ച്ചക്കാരാണു കൊള്ളയടിച്ചത്.

🙏കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ അവസാന ഗാനം യു ട്യൂബില്‍നിന്ന് നീക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പഞ്ചാബും ഹരിയാനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന യമുന സത്ലജ് കാനല്‍ പദ്ധതിയെ അടക്കം പരാമര്‍ശിക്കുന്നതാണ് ഗാനം. രണ്ടു ദിവസം കൊണ്ട് രണ്ടര കോടി പേരാണ് ഗാനം കണ്ടത്.

🙏ഗോവയില്‍ പ്രണയത്തില്‍നിന്നു പിന്മാറിയ കോളജ് അധ്യാപികയെ കൊന്ന് കാട്ടിലുപേക്ഷിച്ച ജിം, ക്രിക്കറ്റ് പരിശീലകന്‍ പിടിയിലായി. ഖണ്ടോല ഗവണ്‍മെന്റ് കോളജിലെ പ്രഫ. ഗൗരി ആചാരി (35) യെ കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സ്വദേശി ഗൗരവ് ബിദ്ര (36) ആണു പിടിയിലായത്.

🙏പതിനാലുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 24 കാരനെ മുംബൈ പോക്സോ കോടതി വെറുതെ വിട്ടു. താന്‍ സ്വമേധയാ പ്രതിയോടൊപ്പം പോയതാണെന്നും താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞതോടെയാണ് കേസ് തള്ളിയത്.

🙏കിണറ്റില്‍ വീണ പുള്ളിപ്പുലിയെ കട്ടിലും കയറും ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരയ്ക്കുകയറ്റി. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വൈറലായി. ഐഎഫ്എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചത്. കിണറ്റില്‍നിന്ന് പുള്ളിപ്പുലിയെ കയറില്‍ കെട്ടിയ കട്ടില്‍ ഉപയോഗിച്ച് പുറത്തെത്തിക്കുന്നതും കിണറിന്റെ വാക്കല്ലിനോളം എത്തിയതോടെ പുറത്തേക്കു ചാടി പുലി കുറ്റിക്കാട്ടില്‍ മറയുന്നും വീഡിയോയില്‍ കാണാം.

🙏കര്‍ഷകര്‍ക്കു സര്‍ക്കാര്‍ സബ്സിഡിയിലുള്ള വളം ലഭിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ട കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍.

അന്തർദേശീയം

🙏ഒമാന്‍ കടല്‍ തീരത്ത് ചരക്കു കയറ്റിപ്പോയ ഉരു മുങ്ങി. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിയാബത്ത് ഹാസിക്കിന് മൂന്ന് നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ചരക്കുമായിപ്പോയ ഉരു മുങ്ങിയത്. ഉരുവിലെ ജീവനക്കാരായ 12 ഇന്ത്യക്കാരെ ഒമാന്‍ റോയല്‍ എയര്‍ഫോഴ്സ് രക്ഷപ്പെടുത്തി.

കായികം

🙏അയര്‍ലന്‍ഡിനെ
തിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

🙏ഐപിഎല്ലിന്റെ കണ്ടെത്തലായ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം. ഇന്നലെ നടന്ന അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഉമ്രാന്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിഞ്ഞത്.