വയനാട്. ദേശാഭിമാനി ജില്ലാ ബ്യൂറോയ്ക്ക് നേരെ കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ചും യുഡിഎഫ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൽപറ്റയിൽ സിപിഎം ബഹുജന റാലി സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി എം.പി യുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നടത്തിയ മാർച്ചിനിടെ ദേശാഭിമാനി ഓഫീസ് ആക്രമിച്ചതിന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത് ഉൾപ്പടെ 50 ഓളം പേർക്കെതിരെ കേസ്.പൊലീസിനെ കയ്യേറ്റം ചെയ്തതിന് ടി.സിദ്ധീഖ് എം.എൽ.എയുടെ ഗൺമാനെ സസ്പെൻ്റ് ചെയ്തു.

എംപി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചുളള കോൺഗ്രസ് മാർച്ച് കലപ്പറ്റ പള്ളിത്താഴത്ത് എത്തിയപ്പോഴാണ് ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ അടക്കം കണ്ടാലറിയാവുന്ന 50 തോളം പേർക്കെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്.ഇതിനിടെ ടി.സിദ്ധീഖ് എം.എൽ.എയുടെ സുരക്ഷാ ചുമതലയുള്ള ​ഗൺമാനെ സസ്പെൻഡ് ചെയ്തു. കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. അതിനിടെ എം.പി ഓഫീസ് അക്രമണത്തിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു.പോലീസിനെ കയ്യേറ്റം ചെയ്ത ശേഷമെന്ന് പ്രതികൾ ഓഫീസിനകത്ത് കയറിയതെന്ന്
റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു.അക്രമം നടത്തിയ മുഴുവൻ പാർട്ടി പ്രവർത്തകർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു.

യുഡിഎഫ് പ്രതിഷേധ റാലിയ്ക്കിടെ നഗരത്തിൽ തകർക്കപ്പെട്ടെ കൊടി മരങ്ങൾ സിപിഎം പുന:സ്ഥാപിച്ചു. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ മാസം 29 ന് കൽപ്പറ്റയിൽ എൽഡിഎഫ് റാലി നടത്തും. പിബി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.രാഹുൽ ഗാന്ധി മണ്ഡലത്തിലേക്ക് എത്തുന്നതിന് മുൻപ് രാഷ്ട്രീയമായി ശക്തി തെളിയിക്കുകയാണ് സി പി എം ലക്ഷ്യമിടുന്നത്.