തിരുവനന്തപുരം:
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തുകയായിരുന്നു. എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു
സമരത്തിൽ നുഴഞ്ഞുകയറ്റമുണ്ടായോ എന്ന് അന്വേഷിക്കും. അക്രമ സംഭവം അപലപനീയമാണ്. ഒരു കാരണവശാലും നടക്കരുതായിരുന്നു. എന്ത് പ്രകോപനമുണ്ടായാലും ഇത്തരത്തിലൊരു പ്രതിഷേധം പാടില്ലായിരുന്നു. ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കൂ. ഇതെല്ലാം യുഡിഎഫിന് അനുകൂലമായി മാറുകയാണ്. വയനാട്ടിലെ ബഫർ സോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെയാകുമെന്ന് കരുതിയില്ല. 
സാധാരണ സമര രീതിയല്ല കഴിഞ്ഞ ദിവസം കണ്ടത്. സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ് എഫ് ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്ര കുത്തി തകർക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.