കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിലുണ്ടായ അക്രമം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ. രാഹുലിന്റെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം ഉടച്ചത് കോൺഗ്രസുകാരാണ്. വൈകാരികമായ തലം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ഗഗാറിൻ ആരോപിച്ചു.

കോൺഗ്രസ് ഒരു പിടിപിടിച്ചാൽ സിപിഎമ്മുകാർ പുറത്തിറങ്ങില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കും ഗഗാറിൻ മറുപടി നൽകി. സുധാകരന് സിപിഎമ്മിനെ മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു. സുധാകരനും ടി.സിദ്ധിഖിനും അഹങ്കാരത്തിന്റെ ഭാഷയാണെന്നും ഗഗാറിൻ പറഞ്ഞു.

‘‘സിപിഎം ഇത്തരമൊരു അക്രമത്തെ പിന്തുണയ്ക്കില്ല. ആ സമയത്തു തന്നെ അതിനെ അപലപിച്ചതാണ്. എസ്എഫ്ഐ തന്നെ ഇങ്ങനെയൊരു അക്രമം ആസൂത്രണം ചെയ്യുമെന്നു കരുതുന്നില്ല. രാഹുൽ ഗാന്ധി എംപി ജില്ലയിലെ ബഫർ സോൺ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന പരാതി എല്ലാവർക്കുമുണ്ട്, ഞങ്ങൾക്കുമുണ്ട്. ഒരു പ്രതിഷേധ മാർച്ച് മാത്രമാണ് സംഘടിപ്പിച്ചതെന്നാണ് അവരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. പക്ഷേ, അവിടേക്കു ചെന്നപ്പോൾ കുറച്ചു കുട്ടികൾ അകത്തേക്കു കയറി. അത് തെറ്റായ രീതിയാണ്. അത് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്.’ – ഗഗാറിൻ വിവരിച്ചു.

‘‘വിദ്യാർഥികൾ രാഹുൽ ഗാന്ധിയുടെ ഓഫിസിൽനിന്നു പുറത്തുവന്നതിനു ശേഷം എടുത്ത ചിത്രങ്ങൾ പരിശോധിച്ചാൽ ഗാന്ധിജിയുടെ ചിത്രം ചുവരിൽ തന്നെയാണെന്നു കാണാൻ കഴിയും. എസ്എഫ്ഐക്കാർ വന്നതിനുശേഷം ഗാന്ധിജിയുടെ ചിത്രം കോൺഗ്രസുകാർ തന്നെ എടുത്ത് നിലത്തിട്ട് ഉടച്ചതാണ്. അത് വ്യക്തമാണ്. ഈ സംഭവത്തിനു കുറച്ചുകൂടി മാനങ്ങളുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. ഗാന്ധിജിയുടെ ചിത്രം കൂടി എസ്എഫ്ഐക്കാർ ഉടച്ചു എന്നുപറഞ്ഞാൽ അതിനു കുറച്ചുകൂടി വൈകാരികതയുണ്ടാകും.’ – ഗഗാറിൻ ചൂണ്ടിക്കാട്ടി.

‘എസ്എഫ്ഐ പ്രവർത്തകർ അവിടെ നടത്തിയ ഒരു അക്രമത്തെയും ഞങ്ങൾ ന്യായീകരിച്ചിട്ടില്ല. എല്ലാവരും അപലപിച്ചു. സിപിഎമ്മോ സർക്കാരോ മറിച്ചൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ പെൺകുട്ടികളടക്കം ഇത്രയേറെ പേരെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ? അങ്ങനെയല്ലേ യുഡിഎഫിന്റെ കാലത്തൊക്കെ ചെയ്തിട്ടുള്ളത്. ഭാവിയിൽ ഇത്തരം പ്രശ്നം ഉണ്ടാകാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചാണ് ഞങ്ങൾ മുന്നോട്ടു പോയത്. പക്ഷേ ഇവിടെ എന്താണു നടക്കുന്നത്? ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ ഗുണ്ടകളെ പോലെയാണ് ആളുകളോടു പെരുമാറുന്നത്. ഞങ്ങൾ കൃത്യമായൊരു നിലപാട് സ്വീകരിച്ചാൽ മാന്യമായൊരു നിലപാട് ഇങ്ങോട്ട് സ്വീകരിക്കണ്ടേ?’ – ഗഗാറിൻ ചോദിച്ചു.

‘‘ഞങ്ങളൊരു പിടിപിടിച്ചാൽ കേരളത്തിൽ സിപിഎമ്മുകാർക്കു പുറത്തിറങ്ങാൻ പറ്റില്ലെന്നാണ് സുധാകരൻ പറഞ്ഞത്. അത് അഹങ്കാരത്തിന്റെ ഭാഷയാണ്. ഞങ്ങളെ ഒരു പിടി പോയിട്ട് നൂറ് പിടിപിടിച്ചാലും രോമത്തിൽ തൊടാൻ സുധാകരന് സാധിക്കില്ല. സുധാകരന് ഞങ്ങളെ ശരിക്ക് മനസ്സിലാകാഞ്ഞിട്ടാണ്. സിദ്ദിഖ് എന്താണ് ചെയ്തത്? വയനാട്ടിൽവന്ന് എംഎൽഎയായിട്ട് കോഴിക്കോട് നിന്ന് ആളുകളെയെത്തിച്ച് ഗുണ്ടായിസം കാണിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ സ്റ്റാഫായിരുന്ന അവിഷിത്ത് ഇപ്പോൾ വിദ്യാർഥി സംഘടനയിൽ ഇല്ല. അവിഷിത്ത് എസ്എഫ്ഐ മാർച്ചിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ ആക്രമിക്കപ്പെടുന്നു എന്നു കേട്ട് അങ്ങോട്ടു പോയ ഡിവൈഎഫ്ഐ പ്രവർത്തകരിൽ ഉണ്ടായിരുന്നയാളാണ് അവിഷിത്ത്. വിഡിയോ പരിശോധിച്ചാൽ അതൊക്കെ കാണാം. ഇക്കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്’– ഗഗാറിൻ പറഞ്ഞു.