തിരുവനന്തപുരം . പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ
കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കാൻ കേരളം.
നിയന്ത്രണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ നിയമനടപടിയും നിയമനിർമാണവും വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാർ ഉടൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.

സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ
പരിസ്ഥിതിലോല മേഖല നിർബന്ധമെന്ന സുപ്രീംകോടതി ഉത്തരവിൽ , കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയാണ് കേരളം. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് വനംമന്ത്രി എ. കെ.ശശീന്ദ്രൻ കേന്ദ്രവനം മന്ത്രിക്ക് കത്തയച്ചത്. സുപ്രീംകോടതിയിലെ നിയമനടപടികൾക്കൊപ്പം നിയന്ത്രണങ്ങളിൽ നിന്നും ജനവാസമേഖലകളെ ഒഴിവാക്കാൻ നിയമനിർമാണം നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. വിഷയത്തിൽ സംസ്ഥാനസർക്കാർ നടപടികൾ ചർച്ച ചെയ്യാൻ 30ന് മുഖ്യമന്ത്രിയുടെ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

ഇതിന് മുന്നോടിയായാണ് വനംമന്ത്രി കേന്ദ്രത്തിന് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വകുപ്പ് സെക്രട്ടറിയും കേന്ദ്ര വനംവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
കേരളം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഇനി കേന്ദ്രത്തിന്റെ ഭാഗത്ത്‌ നിന്നാണ് നടപടി ഉണ്ടാകേണ്ടതെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. പലസംസ്ഥാനങ്ങളിലും സുപ്രീംകോടതി ഉത്തരവ് ചലനമുണ്ടാക്കിയ പശ്ചാത്തലത്തിൽ കേന്ദ്രം ഉടൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. ഈ ചർച്ചയ്ക്ക് ശേഷമാകും കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുക.