ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് പണ്ട് അത്ര കാര്യമായി ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ഇനി സംഭവിക്കാന്‍പോകുന്നു.മൈലേജ്, പുനര്‍വില്‍പന എന്നിവയായിരുന്നു പോക്കറ്റു നോക്കി ജീവന്‍കളയുന്ന ഇന്ത്യക്കാരന് മുഖ്യം. എന്നാല്‍ സുരക്ഷയാണിനി അരങ്ങ് പിടിക്കുന്നത്, എത്രപേര്‍ അരങ്ങില്‍ തുടരും എത്രപേര്‍ പൊടിഞ്ഞ് പുറത്താവുമെന്ന് കാണാം.
ലോകനിലവാരത്തില്‍ വളരെ പ്രധാനമാണ് ക്രാഷ് ടെസ്റ്റ്. ഇത് പരാജയപ്പെട്ടാല്‍ വണ്ടി നിരത്ത് കാണാന്‍അനുവദിക്കില്ല. എന്നാലിന്ത്യയില്‍ ഇതൊരു പ്രശ്‌നമല്ലായിരുന്നു തട്ടിയാല്‍ പപ്പടമാകുന്ന കാറുകളുമായി വിപണി പിടിച്ചടക്കുന്നതൊക്കെ ഇനി പഴങ്കഥയാകും. ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള ഭാരത് NCAP ( ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി..

സുരക്ഷിത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയിലെ OEM-കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനും, സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനുമുള്ള ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായി ഭാരത്-NCAP പ്രവര്‍ത്തിക്കുമെന്ന് ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു.

ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ കാറുകളുടെ സ്റ്റാര്‍ റേറ്റിംഗ്, ഘടനാപരമായ സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് മാത്രമല്ല, ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി നിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും വളരെ നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ഇന്ത്യന്‍ ചട്ടങ്ങള്‍ കണക്കിലെടുത്ത്, ഭാരത് NCAP-യുടെ ടെസ്റ്റിംഗ് പ്രോട്ടോക്കോള്‍, ആഗോള ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. OEM കള്‍ക്ക് അവരുടെ വാഹനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര ടെസ്റ്റിംഗ് സൗകര്യങ്ങളില്‍ പരീക്ഷിക്കാന്‍ ഇത് വഴി സാധിക്കും.
വരട്ടെ നമ്മളും ജീവന് വിലയുള്ളവരാണെന്ന് ലോകം അറിയട്ടെ.