ഭാരതീയ വ്യോമ സേനയിൽ അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ചു

Advertisement

അഗ്നിവീർ (വ്യോമവിഭാഗം) ആയി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി ഭാരതീയ വ്യോമ സേന അവിവാഹിതരായ ഭാരതീയ/നേപ്പാൾ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 24-ന് പത്തു മണിക്ക് ആരംഭിച്ച് ജൂലായ് 5-ന് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഉദ്യോഗാർത്ഥിക്ക് രജിസ്ട്രേഷനായി https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഇത് കമ്മീഷൻഡ് ഓഫീസർമാർ/ പൈലറ്റുമാർ/ നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ടെസ്റ്റ് അല്ല.

1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് ദിവസവും ഉൾപ്പെടെ) സെലക്ഷൻ ടെസ്റ്റിനായി അപേക്ഷിക്കാൻ അർഹതയുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാർഥിയുടെ എൻറോൾമെന്റ് തീയതിയിൽ പരമാവധി ഉയർന്ന പ്രായപരിധി 23 വയസായി നിജപ്പെടുത്തിയിട്ടുണ്ട്.

വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾ https://indianairforce.nic.in , https://careerindianairforce.cdac.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകർ രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയെന്ന് ഉറപ്പാക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത:

(a) സയൻസ് വിദ്യാർത്ഥികൾ : അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും ഇന്റർമീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത പോളി ടെക്‌നികിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിൽ മൊത്തം 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും വിജയിച്ചിരിക്കണം. ഡിപ്ലോമ കോഴ്‌സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്ന് കണക്ക്, ഫിസിക്‌സ് വിഷയങ്ങളിൽ മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ 50% മാർക്കോടെയും രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

(b) സയൻസ് ഇതര വിദ്യാർഥികൾ : കേന്ദ്ര / സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ അംഗീകരിച്ച ഏതെങ്കിലും സ്ട്രീം/വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും ഇന്റർമീഡിയറ്റ്/ 10+2/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കിൽ COBSE-ൽ ലിസ്റ്റുചെയ്തിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ബോർഡ്/കൗൺസിലുകളിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെയും ഇംഗ്ലീഷിൽ പ്രത്യേകമായി 50% മാർക്കോടെയും രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് വിജയിച്ചിരിക്കണം. വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റർമീഡിയറ്റ്/മെട്രിക്കുലേഷനിൽ 50% മാർക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.

(c) സയൻസ് വിഷയ പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സയൻസ് ഇതര വിഷയ പരീക്ഷകൾക്കും അർഹതയുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്ക് സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ നൽകുന്നതായിരിക്കും.

ശാരീരിക ക്ഷമത: 06 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പുകൾ, 10 സിറ്റ്-അപ്പുകൾ, 20 സ്ക്വാറ്റുകൾ എന്നിവയും പൂർത്തിയാക്കണം.

ഓൺലൈൻ പരീക്ഷ, രജിസ്ട്രേഷൻ പ്രക്രിയ, അഡ്മിറ്റ് കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്ക്വയർ, ഡൽഹി കാന്റ്, ന്യൂഡൽഹി -110010 (ഫോൺ നമ്പർ 01125694209/ 25699606, ഇ-മെയിൽ: casbiaf@cdac.in) എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് 020-25503105/ 020-25503106 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ അപേക്ഷകർ സഹായത്തിനായി കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായി 0484-2427010/ 9188431093 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement