തിരുവനന്തപുരം: അധിക കാലാവധി സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി നടപ്പാക്കുകയാണെങ്കിൽ 101 ഒഴിവിലേക്ക് പഴയ റാങ്ക് പട്ടികയിൽ നിന്ന് പി.എസ്.സി. നിയമന ശുപാർശ നൽകേണ്ടിവരും. കോടതിയെ സമീപിച്ച ആറ് റാങ്ക്പട്ടികകൾക്കാണ് അധിക കാലാവധി അനുവദിച്ച്‌ കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. എന്നാൽ, ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് പി.എസ്.സി. തീരുമാനം.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ് (14 ജില്ലകൾ), വനിതാ പോലീസ് കോൺസ്റ്റബിൾ, സ്റ്റാഫ് നഴ്സ് (പാലക്കാട്), എച്ച്‌.എസ്.എ. നാച്വറൽ സയൻസ് (വയനാട്, മലപ്പുറം), എച്ച്‌.എസ്.എ. അറബിക് (കാസർകോട്), സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (തൃശ്ശൂർ) എന്നിവയ്ക്ക് മൂന്നുമാസം അധിക കാലാവധി ഉറപ്പാക്കാനായിരുന്നു കോടതി ഉത്തരവ്.

ഇവയിൽ എച്ച്‌.എസ്.എ. നാച്വറൽ സയൻസ്, എച്ച്‌.എസ്.എ. അറബിക്, അസിസ്റ്റന്റ് സെയിൽസ്മാൻ എന്നിവയ്ക്കു നിർദേശിക്കപ്പെട്ട അധിക കാലാവധിയിൽ ഒരൊഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ കോടതിവിധി അംഗീകരിച്ചാലും ഈ റാങ്ക് പട്ടികകളിൽനിന്ന് ആർക്കും നിയമനം കിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് സർവെന്റിന് 14 ജില്ലകളിലായി 96 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വനിതാ പോലീസ് കോൺസ്റ്റബിളിന് എൻ.ജെ.ഡി.യായി രണ്ടൊഴിവ് റിപ്പോർട്ടുചെയ്തു. പാലക്കാട്ട് സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് മൂന്നൊഴിവും ഇക്കാലയളവിൽ പി.എസ്.സി.യെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽ പി.എസ്.സി. അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ ഒഴിവുകളിലേക്ക് തത്കാലം നിയമനശുപാർശ നൽകാതെ മാറ്റിവെക്കാനാണു സാധ്യത.