അഭയ കേസിൽ സിബിഐക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ

കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സി.ബി.ഐ. സഹായം ചെയ്‌തോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ.

പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടർ പോലും ഫയൽചെയ്തില്ലെന്നും കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സി.ബി.ഐ. പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ.യുടെ ഈ വീഴ്ചക്കെതിരേ സി.ബി.ഐ. ഡയറക്ടർക്കും പ്രധാനമന്ത്രിക്കും പരാതി നൽകുമെന്നും ജാമ്യം നൽകിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ഒന്നരവർഷമായിട്ടും സി.ബി.ഐ. കൗണ്ടർ പെറ്റീഷൻ പോലും ഫയൽചെയ്തില്ല. അപ്പീലിൽ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാൻ തെലങ്കാനയിൽനിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച്‌ ഒരു ചുക്കും ചുണ്ണാമ്ബും അറിയാത്ത പ്രോസിക്യൂട്ടർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടർ കോടതിയിൽ പൂർണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. അഭയ കേസിൽ ദീർഘകാലമായി നിയമയുദ്ധം നടത്തുന്നയാളാണ് ജോമോൻ.

നേരത്തെ സി.ബി.ഐ. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകൻ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പ്രതികളെ സഹായിക്കാൻ സിബിഐ പോലുള്ള ഏജൻസി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് അഭയക്കേസിലെ പ്രതി സിസ്റ്റർ സെഫി ജാമ്യം നേടി തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇവർ നേരെ കോട്ടയത്തേക്കാണ് പോയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇവർ തയാറായില്ല.

Advertisement