തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമായിരിക്കും വിവാഹവിരുന്ന്.


ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മ‍ഞ്ജരിയും ജെറിനും. മസ്കത്തിൽ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.