മലപ്പുറം:
ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. വിഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 
കോഴിക്കോട് കേസരിയിൽ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്. ആർഎസ്എസ് പരിപാടിയിലല്ല താൻ പങ്കെടുത്തതെന്ന് കെ എൻ എ ഖാദർ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. എന്നാൽ, ഇത് പൂർണമായും ലീഗ് നേതൃത്വം തള്ളി. 
കെഎൻഎ ഖാദർ ആർഎസ്എസ് വേദിയിൽ തന്നെയാണ് എത്തിയതെന്നാണ് ലീഗ് നിലപാട്. ആർഎസ്എസിന്റെ സംസ്ഥാന പ്രചാർ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ. എൻആർ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് ഖാദർ പറഞ്ഞിരുന്നു. ആർ എസ് എസ് ദേശീയ നേതാവ് ജെ നന്ദകുമാറാണ് ഖാദറിനെ പൊന്നട അണിയിച്ച് പരിപാടിയിലേക്ക് സ്വീകരിച്ചതും.