കണ്ണൂര്‍ . പയ്യന്നൂർ പാർട്ടി ഫണ്ട് തർക്കത്തിൽ, അനുനയ നീക്കത്തിന് വഴങ്ങാതെ മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ, വെള്ളൂരിലെ പാർട്ടി ബ്രാഞ്ച് ഓഫീസ് ഉദഘാടനത്തിൽ നേതാക്കൾക്കൊപ്പം വേദി പങ്കിടാനും വി കുഞ്ഞിക്കൃഷ്ണൻ തയ്യാറായില്ല. പയ്യന്നൂരിലെ പാർട്ടി ഒന്നാകെ ചെങ്കൊടിക്ക് കീഴിലെന്നും, കഥകളും വ്യാജ വാർത്തകളും ചമച്ച് പാർട്ടിയെ തകർക്കാമെന്ന് കരുതണ്ടെന്നും CPIM പി ബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു.

രക്തസാക്ഷി ഫണ്ടിലടക്കം കൈപൊള്ളിയതോടെ അണികളുടെ അതൃപ്തി പരിഹരിക്കാൻ നേതാക്കളുടെ ഊർജിത രക്ഷാപ്രവർത്തന ശ്രമം. ഫണ്ട് തിരിമറിയിൽ തെളിവുകൾ സഹിതം പരാതി ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ ചുമതലയിൽനിന്ന് നീക്കിയതോടെ രൂപപ്പെട്ട സംഘടനാ പ്രതിസന്ധി പരിഹരിക്കാനുള്ള അനുനയ നീക്കം പക്ഷേ വീണ്ടും പരാജയം. വിവാദ രേഖകൾ പുറത്താകുമെന്ന് നേതാക്കൾക്ക് ആശങ്ക. പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ്. വഴങ്ങാതെ നിലപാടിലുറച്ച് മുൻ ഏരിയ സെക്രട്ടറി. ഫണ്ടുകൾ സുതാര്യമായി കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് പയ്യന്നൂർ വെള്ളൂർ ബ്രാ‌ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് പി ബി അംഗം എ വിജയരാഘവൻ.

പരിപാടിയിൽ പങ്കെടുത്ത വി കുഞ്ഞികൃഷ്ണൻ നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറായില്ല. പ്രവർത്തകർക്കൊപ്പം മുഴുവൻ സമയവും സദസിലിരുന്നു. വിവാദങ്ങൾ പരാമർശിക്കാതെ എം വി ജയരാജനും, ടി ഐ മധുസൂദനൻ എംഎൽഎയും. വി കുഞ്ഞികൃഷ്ണനെതിരായ നടപടി പിൻവലിക്കുക, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലും വിശദമായ കണക്കുകൾ അവതരിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ കീഴ്ഘടകങ്ങൾ ശക്തമാക്കിയിട്ടുണ്ട്.