തിരുവനന്തപുരം.സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാൻ തീരുമാനം.ഉന്നത ഉദ്യോഗസ്ഥർക്കും മിനിസ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യണം മാത്രമല്ല ഹൈക്കോടതിയുടെ ശക്തമായ നിര്‍ദ്ദേശങ്ങളും പാലിക്കണം. നിലനിന്ന പ്രശ്നങ്ങള്‍ മറികടക്കാനാണ് ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്ന പദ്ധതി കെ.എസ്.ആർ.ടി.സി ഈ വർഷം നടപ്പിലാക്കിയത്.അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല.നിലവിൽ കണ്ടക്ടർ, മെക്കാനിക്ക് വിഭാഗത്തിന് മാത്രമാണ് ഫർലോ ലീവ് അനുവദിച്ചിരുന്നത്.ഇതിനു പുറമെയാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളത്തോടെ ദീർഘ അവധി നൽകാനുള്ള തീരുമാനം.

ഉന്നത ഉദ്യോഗസ്ഥർക്കും മിനിസ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്.കമ്പൂട്ടർ വത്കരണവും ഇ-ഓഫീസ് സംവിധാനവും കാര്യക്ഷമാകുന്നതോടെ ഈ വിഭാഗത്തിലും ജീവനക്കാർ അധികമാവുമെന്നത് കൂടി മുന്നിൽ കണ്ടാണ് തീരുമാനം.കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്.പദ്ധതി നടപ്പിലാക്കി മാസങ്ങൾ കഴിഞ്ഞിട്ടും വളരെ കുറച്ചു ജീവനക്കാർ മാത്രമാണ് പാതി ശമ്പളം പറ്റി ദീർഘ കാല അവധിയിൽ പ്രവേശിച്ചത്. ഹൈക്കോടതി വിധിപ്രകാരം ഉന്നതവിഭാഗം ജീവനക്കാരുടെ ശമ്പള ആനുകൂല്യവിഷയങ്ങള്‍ക്ക് രണ്ടാം പരിഗണനയേ നല്‍കാനാവൂ.