പാലക്കാട്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ബാറ്റ് കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു.പുതുപ്പള്ളി തെരുവ് സ്വദേശി അനസാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ ബൈക്കിലെത്തി അനസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികളിൽ ഒരാളായ നരികുത്തി സ്വദേശി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇന്നലെ ഉച്ചയോടെയാണ് അതിക്രൂരമായ സംഭവം.പാലക്കാട് വിക്ടോറിയ കോളേജ് വനിതാ ഹോസ്റ്റലിനു സമീപത്ത് വെച്ചാണ് പ്രതികൾ ആദ്യം അനസിനെ മർദ്ദിച്ചത്.തുടർന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കോളേജിന് മുന്നിലെ ഫുട്പാത്തിൽ വെച്ച് പ്രതി ഫിറോസും സഹോദരനും ബൈക്കിലെത്തി ബാറ്റുകൊണ്ട് അനസിനെ മർദ്ദിക്കുകയായിരുന്നു

പരിക്കേറ്റ അനസിനെ പ്രതികൾ തന്നെയാണ് ഓട്ടോറിക്ഷയിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത് രാത്രിയോടുകൂടിയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്ന സഹോദരൻ റഫീഖിനെ ഉടൻ പോലീസ് പിടികൂടും.റഫീഖ് പോലീസുദ്യോഗസ്ഥൻ കൂടിയാണ്. അനസ്സിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കും.