തിരുവനന്തപുരം. മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതയായി മൃതസഞ്ജീവനി. അവയവദാന പ്രക്രിയയുടെ ഏകോപന ചുമതലയുള്ള മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ.നോബിള്‍ ഗ്രീഷ്യസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് വിശദീകരണം നല്‍കി. മുന്നറിയിപ്പുണ്ടായിട്ടും വീഴ്ച സംഭവിച്ചതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. അതിനിടെ ഡോക്ടര്‍മാരുടെ നടപടിക്ക് എതിരെ കെ.ജി.എം.സി.റ്റി.എ ഇന്ന് പ്രതിഷേധ യോഗം നടത്തും.

അവയവം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിന് മുന്നോടിയായി ആവശ്യമായ എല്ലാ മുന്നറിയിപ്പും ഇമെയിലിലൂടെയും വാട്‌സാപ്പിലൂടെയും നല്‍കിയിരുന്നതായാണ് മൃതസഞ്ജീവനി സര്‍ക്കാരിന് നല്‍കിയ വിശദീകരണം. എല്ലാ മു്ന്നറിയിപ്പും നല്‍കിയെന്ന് വ്യക്തമാക്കിയതോടെ വീഴ്ചയുണ്ടായത് വകുപ്പ് മേധാവികളില്‍ നിന്നുതന്നെയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ശസ്ത്രക്രിയ നടക്കേണ്ട ദിവസം നെഫ്രോളജി മേധാവി ഇല്ലാതിരുന്നിട്ടും ചുമതല മറ്റൊരാള്‍ക്ക് നല്‍കാത്തത് വീഴ്ചയാണ്. പ്രധാന ചുമതലയുള്ള ഡോക്ടര്‍മാര്‍ നിര്‍ണായ ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്താത്തതിന് എതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. സംഭവ ദിവസം യൂറോളജി വിഭാഗം മേധാവി രാത്രി 9മണിയ്ക്ക് ശേഷമാണ് ആശുപത്രിയിലെത്തിയത് എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് എതിരായ സര്‍ക്കാര്‍ നടപടിയില്‍ കെ.ജി.എം.സി.റ്റി.എ സമരമുഖത്താണ്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ഒ.പി ബ്‌ളോക്കിന് മുന്നില്‍ പ്രതിഷേധം യോഗം ചേരും. ശസ്ത്രക്രിയ വൈകി എന്ന ആരോപണം ശുദ്ധ അസംബന്ധം എന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ നിലപാട്. പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാകും മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലുള്ള പൊലീസിന്റെ തുടര്‍നടപടി. അതേസമയം, അവയവം കൊണ്ട് വന്ന പെട്ടി അനുമതിയില്ലാതെ കൊണ്ടുപോയെന്ന ആശുപത്രി അധികൃതരുടെ പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് വിളിച്ചുവരുത്തിയേയ്ക്കും