കൊച്ചി.നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.കേസിലെ പ്രതി പൾസര്‍ സുനി ജയിലിൽനിന്ന് എഴുതിയ കത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം സിദ്ദിഖ് നിന്നും മൊഴി രേഖപ്പെടുത്തിയത്.ആലുവയിലെ ആശുപത്രി ഉടമയായ ഡോക്ടർ ഹൈദരാലിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

താരസംഘടനയായ അമ്മയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് നടൻ സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് നൽകാനായി അമ്മക്ക് നൽകിയ കത്തിൽ നടൻ സിദ്ദിഖിനെ കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.അബാദ് പ്ലാസയിൽ നടിയെ ആക്രമിക്കുന്ന തിനുള്ള ഗൂഢാലോചനകൾ നടന്നപ്പോൾ സിദ്ദിഖ് അവിടെ ഉണ്ടായിരുന്നതായും കത്തിൽ പറയുന്നുണ്ട്.

കത്തിലെ ഈ വിവരങ്ങളെ കുറിച്ചാണ് അന്വേഷണസംഘം സിദ്ദിഖിൽ നിന്നും മൊഴിയെടുത്തത്. തൻറെ അടുത്ത സുഹൃത്തിന് ഒരു അബദ്ധം പറ്റിയതായും എന്നുവച്ച് അദ്ദേഹത്തെ കളയാൻ പറ്റില്ലെന്നും. എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയെ കുറിച്ചും അന്വേഷണസംഘം സിദ്ദീഖിൽ നിന്ന് വിവരങ്ങൾതേടി. ദിലീപിൻറെ സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടർ ഹൈദരാലിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരാലി വിചാരണ ഘട്ടത്തിൽ മൊഴി മാറ്റിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഭാഗമായാണ് ക്രൈംബ്രാഞ്ച് ഇരുവരെയും ചോദ്യം ചെയ്തത്.