തിരുവനന്തപുരം . മെഡിക്കൽ കോളേജിൽ വ്യക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയും ഡോക്ടർമാരുടെ സംഘടനയും നേർക്കുനേർ.
വിശദമായ അന്വേഷണം നടത്താതെ രണ്ടു വകുപ്പ് മേധാവിമാരെ സസ്പെൻഡ് ചെയ്തത് നടപടി പിൻവലിക്കണമെന്നാണ് KGMCTA യുടെ ആവശ്യം.ഉത്തരവാദിത്തപ്പെട്ടവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ നടപടിയെടുക്കുന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രിയും പ്രതികരിച്ചു.
ഏകോപനത്തിൽ പിഴവുണ്ടായെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് മെഡിക്കൽ കോളേജിലെ നെഫ്രോളജി,യൂറോളജി മേധാവിമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.വിശദമായ അന്വേഷണം നടത്താതെ അകാരണമായി ഡോക്റ്റർമാരെ സസ്പെൻഡ് ചെയ്തത് ശരിയായ നടപടിയല്ലെന്ന നിലപാടിലാണ്
KGMCTA.ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് വക്താവ് ഡോ.ബിനോയ് വിശദീകരണം നല്‍കി.

വീഴ്ച്ച ആരുടെ ഭാഗത്ത് നിന്ന് വന്നാലും നടപടിയെടുക്കുമെന്നും,മെഡിക്കൽ കോളേജിലുണ്ടായ വീഴ്ച്ചയിൽ ഡോക്ടർമാർക്കല്ലാതെ വേറെ ആർക്കാണ് ഉത്തരവാദിത്തമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

വ്യക്കമാറ്റ ശസ്ത്രക്രിയയുടെ ഏകോപനത്തിൽ പിഴവുണ്ടായെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.സീനിയർ സർജൻമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
യുറോളജി നെഫ്രോളജി ഡോക്ടർമാരെ മേധാവികൾ നിയോഗിച്ചില്ല.സർജൻമാരെ വിളിച്ചുവരുത്തിയത് വൃക്ക എത്തി രണ്ടര മണിക്കൂറിനു ശേഷം.ശസ്ത്രക്രിയക്കിടെ ഒരു സർജനെ കൂടി വിളിച്ചുവരുത്തി.വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസും വിചിത്രമാണ്.അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും മെഡിക്കൽ അശ്രദ്ധയെന്ന പരാതിയിലെ പരാമർശം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്നാണ് പോലീസ് നിലപാട്.