സംസ്ഥാനത്ത്‌ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : കേരളതീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (രണ്ട് ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധം ഏർപ്പെടുത്തും.

ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകും. എന്നാൽ ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കും.

മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം. ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്‌സുമെന്റും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

Advertisement