5000 വോട്ടുകളിൽ ചോർച്ചയുണ്ടായി; തൃക്കാക്കരയിൽ സി.പി.എം വിലയിരുത്തൽ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വമ്പൻ തോൽവിയിൽ വിലയിരുത്തലുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതീക്ഷിച്ച 5000 വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും കൂടിയത് 2800-ൽപരം വോട്ടുമാത്രമാണെന്നുമാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയടക്കമെത്തി കാടിളക്കി നടത്തിയ പ്രചാരണം കൊണ്ട് ഒരു ഫലവുമുണ്ടാവാത്തിൽ പാർട്ടിക്കുള്ളിൽ വിമർശനവും ഉയരുന്നുണ്ട്. ഇത് പ്രചാരണ തന്ത്രത്തിന്റെ പാളിച്ചയാണെന്ന ആരോപണവും സെക്രട്ടേറിയറ്റിൽ ഉയർന്നു.

ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാർഥിയാക്കിയതും ലിസി ഹോസ്പിറ്റലിൽ വെച്ച് പത്ര സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയതും സഭയുടെ സ്ഥാനാർഥിയെന്ന ആരോപണത്തിന് വളം വെക്കുന്നതായി പോയെന്നാണ് മറ്റൊരു പ്രധാന വിമർശനം. ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്ക്ക് അതിനെ അങ്ങനെ കണ്ടാൽ മതിയായിരുന്നുവെന്നും പത്ത് ദിവസത്തോളം മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി.

വട്ടിയൂർക്കാവിൽ നടന്ന പോലെ കാടിളക്കി പ്രചാരണം നടത്തിയാൽ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നൽകിയ നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ സന്ദേശം തെറ്റായി പോയി. ആം ആദ്മിയും ട്വന്റി-20 യുമെല്ലാം ചെയ്യുന്നപോലെ പ്രൊഫഷണലുകളെ നിർത്തിയാൽ അത്തരം വോട്ടുകൾ കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. ആദ്യ ഘട്ടത്തിൽ പ്രധാന ചർച്ചയായിരുന്ന കെ.റെയിൽ പിന്നീട് പെട്ടെന്നാണ് ചർച്ചയിൽ നിന്നും ഇല്ലാതായത്. കെ.റെയിലിന്റെ പ്രധാന സ്റ്റേഷൻ കടന്ന് പോവുന്ന തൃക്കാക്കരയിൽ അതിനെതിരെ വോട്ടു ചെയ്തുവെന്നതാണ് സത്യമെങ്കിലും അത് തുറന്ന് സമ്മതിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് വരെ തകൃതിയായി നടന്ന കല്ലിടൽ പൊടുന്നനെ അവസാനിപ്പിച്ചതും ജനങ്ങളിൽ കെ.റെയിലിനെതിരേയുള്ള വികാരം ആളിക്കത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞൂവെന്നും വിലയിരുത്തലുണ്ട്.

Advertisement