ഇനി ഹെൽമറ്റ് ധരിച്ചില്ലെങ്കിലും സിഗ്നൽ തെറ്റിച്ചാലും ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: വർധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഉദ്യോഗസ്ഥർ പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിർത്താതെ പോവുക ഉൾപ്പടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടികളെടുക്കാനാണ് നീക്കം.

ഇതു സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ആർടിഒമാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. മഴക്കാലത്ത് വാഹനാപകടങ്ങൾ കൂടാനുള്ള സാഹചര്യംകൂടി പരി​ഗണിച്ചാണ് നടപടി. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുക, ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക എന്നിവക്ക് ഇതോടെ കർശന നടപടിയാകും ലഭിക്കുക. ഉദ്യോഗസ്ഥർ പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിർത്താതെ പോവുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, മദ്യപിച്ച് ഡ്രൈവ് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കും ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. നിലവിൽ ഇവക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്. പിഴയടച്ചതിനു ശേഷം ഇതേ നിയമലംഘനം ആവർത്തിക്കുന്നവരെയും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരിൽ പിഴയടയ്ക്കുന്നത് പ്രശ്നമല്ലെന്ന മനോഭാവമുണ്ടെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർ വിലയിരുത്തിയിട്ടുണ്ട്.

Advertisement