കൊല്ലം . പൊതുപ്രവര്‍ത്തന രംഗത്ത് നറുംപാലായിരുന്നു പ്രയാര്‍. വെള്ളം ചേരാത്ത വ്യക്തിത്വം, ശുദ്ധമായ പ്രവര്‍ത്തനം. കോണ്‍ഗ്രസിന്‍റെയും മില്‍മയുടെയും ദേവസ്വം ബോര്‍ഡിന്‍റെയും പ്രൗഡമായ കാലത്തെ ഓര്‍ക്കുമ്പോള്‍ നിറദീപം പോലെ തെളിയുന്ന മുഖമാണ് പ്രയാര്‍ഗോപാലകൃഷ്ണന്‍റേത്. ശുദ്ധവും സൗമ്യവും പ്രതീക്ഷാഭരിതവും ആയ കാലയളവായിരുന്നു പ്രയാറിന്‍റെ ഭരണകാലം. ഓച്ചിറക്കടുത്ത പ്രയാര്‍ എന്ന നാടിന്‍റെ ശുദ്ധത ഉടലില്‍ ആവാഹിച്ച പ്രവര്‍ത്തനശൈലി.

എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന്‍റെ നിര്യാണം പ്രൗ‍ഡവും ദീപ്തവുമായ ഒരു വ്യക്തിത്വത്തിന്‍റെ പൊതുരംഗത്തുനിന്നുമുള്ള അപ്രതീക്ഷിത വിടവാങ്ങലാണ്. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം വട്ടപ്പാറയിൽ വെച്ചായിരുന്നു അന്ത്യം. മിൽമയിലും തിരുവിതാംകൂർ ദേവസ്വംബോർഡിലും ഉൾപ്പെടെ നിരവധി ജനകീയ പദ്ധതികൾ തുടക്കമിട്ട നേതാവാണ് വിടവാങ്ങിയത്. 73 വയസായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കൊല്ലം ചിതറയിലെ വസതിയിലേക്ക് മടങ്ങും വഴിയാണ് പ്രയാർ ഗോപാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗം. വട്ടപ്പാറയിൽ എത്തിയപ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ കോൺഗ്രസിൻ്റെ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ.

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ പ്രയാർ ഗോപാലകൃഷ്ണൻ 2001 ൽ ചടയമംഗലത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയിൽ നിന്ന് അതിനു മുൻപും ശേഷവും മറ്റൊരു കോൺഗ്രസ് നേതാവും വിജയിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന് ദൃഷ്ടാന്തമാണ്. മിൽമയുടെ ചെയർമാനായി 18 വര്‍ഷം നയിച്ച പ്രയാർ ഗോപാലകൃഷ്ണൻ, മിൽമയെ കര്‍ഷകരുടെ ആശ്രയമാക്കുന്നതില്‍ പ്രധാന ഇടപെടൽ നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എന്ന നിലയിലും ശ്രദ്ധ നേടി.

നാളെ രാവിലെ രാവിലെ 10 മണിക്ക് കൊല്ലം ഡിസിസി ഓഫീസിൽ പൊതുദർശനം നടത്തും. ഉച്ചയോടെ ചിതറയിലെ വസതിയിലാണ് സംസ്കാരം. മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി നേതാക്കൾ പ്രയാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.