കോട്ടയം: ശബരിമലയിലെ പോലെ തന്നെ സ്ത്രീ പ്രവേശനത്തിൽ കർശനമായ ചിട്ടകൾ വച്ചുപുലർത്തുന്ന മറ്റൊരു ക്ഷേത്രം കൂടി നമ്മുടെ കേരളത്തിലുണ്ട്.

മൂവായിരത്തിലേറെ വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്.

ഈ ക്ഷേത്രത്തിൽ ബ്രഹ്മചാരി ഭാവത്തിലാണ് ബാലമുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം കിടങ്ങൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേരത്തേ പറഞ്ഞതുപോലെ സ്ത്രീകളുടെ പ്രവേശനത്തിലും ദർശന കാര്യത്തിലും ചില ചിട്ടവട്ടങ്ങൾ ഇവിടെ പിന്തുടരുന്നുണ്ട്. ക്ഷേത്രത്തിലെത്തി ഭഗവാനെ നേരിട്ട് ദർശിക്കുവാൻ സ്ത്രീകൾക്ക് അനുവാദമില്ല. ബ്രഹ്മചാരി ഭാവത്തിൽ മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഇവിടെ സ്ത്രീകൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം വിലക്കിയിരിക്കുന്നത്. താന്ത്രിക വിധി പ്രകാരം പൂജകൾ നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

പത്ത് വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമേ ഭഗവാനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കാൻ അനുമതിയുള്ളൂ. പ്രായപൂർത്തിയായ സ്ത്രീകളെ മുരുകന്റെ അമ്മയുടെ സ്ഥാനത്താണ് കണക്കാക്കുന്നത്. അവർ ദർശനത്തിനെത്തിയാൽ ബഹുമാനിക്കുന്നതിന്റെ ഭാഗമായി മുരുകൻ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. അതിനാലാണ് പത്ത് വയസിന് മുകളിലുള്ള സ്ത്രീകൾക്ക് ഭഗവാനെ നേരിട്ട് കാണാൻ പാടില്ലാത്തത്. പകരം ഇവർക്ക് ക്ഷേത്ര ഇടനാഴിയിൽ നിന്ന് പ്രാർത്ഥിക്കാം. ഇടനാഴിയിൽ നിന്ന് പ്രാർത്ഥിക്കുന്നവരെ ഭഗവാന് നേരിട്ട് കാണാൻ കഴിയാത്ത വിധമാണ് ശ്രീകോവിൽ നിർമിച്ചിരിക്കുന്നത്.