കൊല്ലം. ചേര്‍ത്തല ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് അറിഞ്ഞതിന്റെ ഞെട്ടല്‍ മാറാതെ കുടുംബവും നാട്ടുകാരും.
കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയെ (42) ആണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 26നാണ് ഹേനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ചേര്‍ത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
2021 ഒക്ടോബറിലായിരുന്നു ഹേനയും അപ്പുക്കുട്ടനും തമ്മിലുള്ള വിവാഹം. കൂടുതല്‍ സ്ത്രീധനത്തിനായി കഴിഞ്ഞ 7 മാസം ഹേന നേരിട്ടത് കടുത്ത പീഡനമാണെന്ന് വീട്ടുകാര്‍ പറയുന്നു. ഹേനയ്ക്ക് ചെറുപ്പം മുതല്‍ നേരിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്ബര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാര്‍ വിവാഹം നടത്തിയത്. മകളെ പൊന്നുപോലെ നോക്കാമെന്നായിരുന്നു അപ്പുക്കുട്ടന്റെ ഉറപ്പ്. 80 പവന് സ്ത്രീധനം നല്‍കിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍തൃവീട്ടിലേക്ക് വാഷിങ് മെഷീന്, ഫ്രിജ്, ടെലിവിഷന്‍ എന്നിവ വാങ്ങി നല്കി. മകളുടെ ചെലവിലേക്കായി മാസം തോറും 15000 രൂപ നല്‍കിയിരുന്നെന്നും ഹേനയുടെ വീട്ടുകാര്‍ പറയുന്നു.
എന്നാല്‍ 7 ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് പ്രശ്നങ്ങള്‍ പതിവായിരുന്നു. പണം വേണമെന്ന ആവശ്യം ഹേന വഴി വീട്ടില്‍ ഉന്നയിച്ചെങ്കിലും ഇത്ര വലിയ തുക ഇപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പിതാവ് അറിയിച്ചു. ചെയ്യുന്ന ജോലികള്‍ക്ക് കുറ്റം പറയാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും ഹേന സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിതാവ് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടി. പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നേരിടുന്ന പീഡനങ്ങള്‍ ഹേന സഹോദരി സുമയോടാണ് പറഞ്ഞിരുന്നത്. ഇത് മനസ്സിലാക്കിയ അപ്പുക്കുട്ടന് ഹേനയുടെ ഫോണ്‍ നിലത്തെറിഞ്ഞ് നശിപ്പിച്ചിരുന്നെന്നും പറയുന്നു.
അപ്പുക്കുട്ടനും ഹേനയുടെ അച്ഛനും തമ്മില്‍ പണത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നതായി സൂചനകളുണ്ട്. പലപ്പോഴായി പണവും 80 പവന് സ്വര്‍ണവും അപ്പുക്കുട്ടന് കൈപ്പറ്റിയതായി വിവരമുണ്ട്. സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പ് ഉള്‍പ്പെടുത്തണോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്.
ഹേനയുടെ പെരുമാറ്റം അപ്പുക്കുട്ടന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ഇതേച്ചൊല്ലി ഹേനയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം വീടിന്റെ മുകള്‍ നിലയിലെ കുളിമുറിയില്‍ ഹേനയെ കുളിപ്പിക്കാനായി അപ്പുക്കുട്ടന് പോയി. തലയില്‍ അപ്പുക്കുട്ടന് എണ്ണ തേച്ചപ്പോള്‍ ഹേന എതിര്‍ത്തു. ഇതേ തുടര്‍ന്നുള്ള ദേഷ്യത്തില്‍ കഴുത്തിനു കുത്തിപ്പിടിച്ച് കുളിമുറിയുടെ ഭിത്തിയില്‍ തല ഇടിപ്പിക്കുകയായിരുന്നെന്നും ബോധരഹിതയായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് അപ്പുക്കുട്ടന്റെ മൊഴി.