കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യത്തെ വിമര്‍ശിച്ച് അഡ്വ.

ഹരീഷ് വാസുദേവന്‍. മണ്ഡലം രൂപീകരിച്ചിട്ട് ഇന്നുവരെ 15 ശതമാനം വോട്ട് കിട്ടാത്ത മുന്‍തൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിയ്ക്ക് അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കള്‍ക്ക് പോലും ഇല്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നടപടി തീര്‍ത്തും അപഹാസ്യമാണെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് വാസുദേവന്റെ വാക്കുകള്‍:

മണ്ഡലം ഉണ്ടായിട്ടിന്നോളം 15% വോട്ട് തികച്ചു കിട്ടാത്ത, മുന്‍തൂക്കമുള്ള ഒരൊറ്റ മേഖല പോലുമില്ലാത്ത ബിജെപിയ്ക്ക്, അവരുടെ തലയ്ക്ക് വെളിവുള്ള നേതാക്കള്‍ക്ക് പോലുമില്ലാത്ത വിജയപ്രതീക്ഷയാണ് മലയാള മനോരമ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ചാര്‍ത്തി കൊടുക്കുന്നത്. എന്തൊരു അപഹാസ്യമാണിത് . ജനവിധികളോട് അല്‍പ്പം പോലും ബഹുമാനമില്ലാത്ത മാധ്യമപ്രവര്‍ത്തന രീതി അവലംബിച്ചിട്ടും ഒരു നാണവുമില്ല !

പ്രചാരണത്തിന്റെ ആദ്യ ദിവസം മുതല്‍ യുഡിഎഫി നും എല്‍ഡിഎഫിനും ഒപ്പം സ്‌പേസും വിജയസാധ്യതയും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍, തൂക്കമൊപ്പിച്ചു നല്‍കുന്ന പടങ്ങള്‍, ഹൈപ്പ്, എന്നുവേണ്ട അവരുടെ വര്‍ഗ്ഗീയത നിറഞ്ഞ പ്രചാരണങ്ങള്‍ക്ക് വലിയ വിസിബിലിറ്റി നല്‍കുന്നത് വര്‍ഗ്ഗീയതയോടുള്ള മാധ്യമസന്ധിയായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് തോന്നുന്നില്ല.

ജനപിന്തുണയ്‌ക്കോ ജനതാല്‍പ്പര്യത്തിനോ ആനുപാതികമല്ലാതെ 10 വര്ഷം ബിജെപിക്ക് വിഷ്വല്‍ മീഡിയ നല്‍കിയ സ്‌പേസിന്റെ നോര്‍മ്മലൈസേഷന്‍ ആണ് മനോരമ ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. എന്നിട്ട് നാട്ടില്‍ വര്‍ഗീയത വളരുന്നതിനെതിരെ എഡിറ്റോറിയലില്‍ മുതലക്കണ്ണീര്‍ ഒഴുക്കും. ഇരട്ടത്താപ്പിന്റെ രാജാക്കന്മാര്‍..

ഇപ്പറഞ്ഞതിന്റെ പൊരുള്‍ സംഘികള്‍ക്ക് മനസിലാക്കാന്‍ ഒരു വഴിയുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്‌ബോള്‍, നരേന്ദ്രമോദിയുടെയും രാഹുല്‍ഗാന്ധിയുടെയും കൂടെ പിണറായി വിജയന്റെയും ഫോട്ടോ വെച്ചിട്ട് ഇതുപോലെ, ‘ആര് പ്രധാനമന്ത്രിയാകും’ എന്ന ക്യാപ്ഷന്‍ കൊടുത്താല്‍ മതി, അദ്ദേഹം വ്യക്തമാക്കി.