കൊച്ചി.വിജയശേഷം ഉമാ തോമസിന്‍റെ വാക്കുകളിങ്ങനെ. പിടിക്ക് നഷ്ടമായ വര്‍ഷം പ്രിയതമ ഉമക്കുനല്‍കിയാണ് ജനങ്ങള്‍ 2021ലെ ജനസമ്മതി പൂര്‍ത്തിയാക്കിയത്. ഒപ്പം മറ്റുപലതിനോടുമുള്ള മറുപടി കൂടി നല്‍കി. എന്തിനായിരുന്നു തൃക്കാക്കരക്കുവേണ്ടി ഇത്രയും ബഹളം വച്ചതെന്ന് ഇടതുപക്ഷം ചിന്തിക്കും ഉറപ്പാണ്.

പിടി തോമസിൻ്റെ വേർപാട് സൃഷ്ടിച്ച സഹതാപ തരംഗത്തോടൊപ്പം ഇടതു നയപരിപാടികളോടുള്ള ജനരോഷം കൂടിയായപ്പോള്‍ ഉമാ തോമസ് തൃക്കാക്കരയില്‍ വെന്നിക്കൊടി പാറിച്ചു . രണ്ടാം പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കെ റെയിലിനെതിരായ ശക്തമായ താക്കീത് കൂടിയാണ് തൃക്കാക്കരയിൽ കണ്ടത്. ഒപ്പം ധിക്കാരത്തിന്‍റെയും അഹന്തയുടെയും ഭാഷ, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും കാണിച്ച ധാര്‍ഷ്ട്യവും ഏകാധിപത്യവും. യു ഡി എഫിൻ്റെ ഉറച്ച കോട്ടയിൽ ജയം അസാധ്യമാണന്ന തിരിച്ചറിവിൽ ഭരണ സംവിധാനം ഒന്നടങ്കം ശ്രമിച്ചിട്ടും ജനങ്ങളുടെ വിലയിരുത്തൽ ഭരണപക്ഷത്തിന് ആഘാതമായി സെഞ്ചുറി തികയ്ക്കാമെന്ന മോഹത്തിൽ അഹന്തയുടെ ആൾരൂപങ്ങളായി നേതാക്കൾ മാറുന്ന കാഴ്ചയും തൃക്കാക്കര കണ്ടു.

കെ റെയിലിൻ്റെ വേഗതയും വികസനത്തിൻ്റെ എണ്ണം പറഞ്ഞ കണക്ക് കൂട്ടലുകളും പാളം തെറ്റി.
കോൺഗ്രസ് വിട്ട് ഇടത് പക്ഷത്തേക്ക് ചേക്കേറിയ കെ വി തോമസ് ഫാക്ടറും ക്ലച്ച് പിടിച്ചില്ല. ബിജെപിയുടെ വോട്ടിലുണ്ടായ കുറവും ഉമയ്ക്ക് അനുകൂലമായി ആപ്പിൻ്റെയും ട്വന്‍റി-20 യുടെയും സർക്കാർ വിരുദ്ധ നിലപാടുകളും ഉമയെ തുണച്ചു.സർക്കാർ വിരുദ്ധ വോട്ടുകളില്ലന്ന ഇടത് വാദം പൊളിച്ചടക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.

ഏറ്റവും വലിയ അടികിട്ടിയത് കണ്ണൂര്‍ശൈലിയില്‍ കൊച്ചിയുടെ പരമ്പരാഗത സഖാക്കളുടെ പ്രവര്‍ത്തനം മറികടന്നു നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാണ്. തൃക്കാക്കരയില്‍ ഇടതുവിജയം ഉണ്ടായെങ്കില്‍ കണ്ണൂര്‍ശൈലിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കേരളമാകെ നടപ്പായേനേ. തൃക്കാക്കര തുഛമായവോട്ടുകള്‍മാത്രമാണ് നേട്ടമായത്. തൃക്കാക്കരക്കുവേണ്ടി ഇത്രയും മിനക്കെട്ട് ഇടതുപക്ഷം വന്നതിനാലാണ് കോണ്‍ഗ്രസും യുഡിഎഫും വലിയ പോരാട്ടത്തിന് തയ്യാറായത്. ഇടതിന്‍റെ പോരാട്ട വീര്യം കണ്ടതോടെയാണ് കോണ്‍ഗ്രസ് പാളയങ്ങള്‍ ഉണര്‍ന്നത്. തൃക്കാക്കരക്ക് യുഡിഎഫ് എന്നും ഇടതിനോട് വല്ലാതെ കട

പ്പെട്ടിരിക്കും. കാരണം അത് വല്ലാത്ത ഊര്‍ജ്ജമാണ് തന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു കഴിഞ്ഞു. ഇതിനുമുമ്പൊന്നും യുഡിഎഫ് ഒരു ഇലക്ഷന് ഇത്ര വിയര്‍പ്പൊഴുക്കിയിട്ടില്ല. പാലംവലിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനും കോണ്‍ഗ്രസിന് കെവി തോമസ് വക കൃത്യമായ ക്ളാസും പ്രാക്ടിക്കലും കിട്ടി. നേട്ടം കോണ്‍ഗ്രസിനാണ്. ഒരു എംഎല്‍എ എന്നത് മാത്രമല്ല.വിഡി സതീശനും കെ സുധാകരനും അഭിമാനത്തിന്‍റെ നെറ്റിപ്പട്ടമാണ് തൃക്കാക്കര.