തിരുവനന്തപുരം.അധ്യയന വര്‍ഷാരംഭത്തില്‍ പള്ളിപ്പുറം ഗവണ്മെന്റ് എല്‍പി സ്‌കൂളിനുള്ള സമ്മാനവുമായി പൂര്‍വ്വ വിദ്യാര്‍ഥികളെത്തി. പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഹൈടെക് ക്ലാസ് റൂം സിനിമാ താരം സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു. 1917ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്‌കൂള്‍, ഒറ്റൈവിളാകം സ്‌കൂള്‍ എന്നാണ് അറിയപ്പെടുന്നത്. സമീപകാലത്താണ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ 150ഓളം പേര്‍ ചേര്‍ന്ന് അലുമ്‌നി അസോസിയേഷന്‍ രൂപീകരിച്ചത്.

സ്‌കൂള്‍ ബസിന്റെ അറ്റകുറ്റപ്പണികളും സ്‌കൂളിന് ആവശ്യമായ ഫര്‍ണീച്ചറുകളുടെ നിര്‍മാണവും അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ക്ലാസ് മുറികളുടെ നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ആറു മാസത്തിനുള്ളില്‍ സ്‌കൂളിനെ സമ്പൂര്‍ണ ഹൈടെക് സ്‌കൂളാക്കി മാറ്റാനാണ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ലക്ഷ്യമിടുന്നത്. സ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും കരമന സുധീര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നും ഓര്‍ത്തുവെക്കപ്പെടുന്നതുമായ ദിവസമാണ് പ്രവേശനോത്സവമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍വര്‍ഷങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ ആഘോഷത്തോടെ സംഘടിപ്പിച്ച ഓര്‍മകള്‍ അധ്യാപകന്‍കൂടിയായിരുന്ന അദ്ദേഹം പങ്കുവെച്ചു. കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ആണ്ടൂര്‍ക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ അധ്യക്ഷയായ ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സാജിത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ അനില്‍കുമാര്‍, മുരളീധരന്‍ നായര്‍, അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.