കൊച്ചി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തയാള്‍ പിടിയിലായെങ്കിലും വിവാദം കത്തിക്കയറുന്നു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്നു പിടിയിലായത്. പിടിയിലായ ആള്‍ യുഡിഎഫ് പ്രവര്‍ത്തകനെന്ന് തെളിഞ്ഞതായി എല്‍ഡിഎഫും, പൊലീസിന്റെ നാടകമെന്ന് പ്രതിപക്ഷവും ആരോപിച്ചു. വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകളില്‍ വ്യാജ അശ്ലീല വീഡിയോ പ്രധാന ആയുധമാക്കുകയാണ് എല്‍ഡിഎഫ്.

കോയമ്പത്തൂരില്‍ നിന്നു പിടികൂടിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് മുസ്ലീം ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാളെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയല്ല, അപ് ലോഡ് ചെയ്തവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. സത്യംപുറത്തുവന്നെന്നാണ് സ്ഥാനാര്‍ഥി ജോജോസഫ് പ്രതികരിച്ചത്.

എല്‍ഡിഎഫ് വാദങ്ങള്‍ തള്ളിയ പ്രതിപക്ഷനേതാവ്, വോട്ടെടുപ്പ് ദിനത്തില്‍ പ്രതിയെ പിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി.

പിടിയിലായ അബ്ദുള്‍ലത്തീഫിനെ മുസ്ലീംലീഗും തള്ളിപ്പറഞ്ഞു.ഇങ്ങനെഒരാള്‍ പാര്‍ട്ടിയിലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. വോട്ടെടുപ്പ് പാതി പിന്നിടുമ്പോൾ വിഷയം കത്തിച്ചുനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ പൊലീസിന്റെ കള്ളക്കളിയെന്നാണ് യുഡിഎഫ് പ്രതിരോധം. സര്‍ക്കാരിനെ ആട്ടി ഉലക്കുന്ന മുഴുവന്‍ വിഷയങ്ങളും മാറ്റി അശ്ളീലവിഡീയോ ചര്‍ച്ച ചെയ്യുന്നത് എന്തിനെന്ന് എല്ലാവരും മനസിലാക്കുമെന്ന് യുഡിഎഫ് പറയുന്നു.