സ്‌കൂള്‍ തുറക്കല്‍ നാളെ, ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടാ്ന്‍ ബസുകള്‍ ഇനിയുമേറെ, ആശങ്കയില്‍ മാനേജ്‌മെന്റുകള്‍

Advertisement

കൊല്ലം: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കുകയാണ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

എന്നാല്‍ ഈ സ്‌കൂള്‍ തുറക്കല്‍ കാലം മാനേജ്‌മെന്റുകള്‍ക്ക് ഏറെ ആശങ്കകളാണ് സമ്മാനിക്കുന്നത്.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങളുടെയും ബസുകളുടെയും സുരക്ഷയ്ക്ക് പ്രാഥമിക പരിഗണന നല്‍കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് പ്രാദേശിക ഭരണകൂടങ്ങളുടെ ചുതമലയാണ്. സ്‌കൂള്‍ ശുചീകരണവും ജലസംഭരണി ശൂചീകരണവും അണുവിമുക്തലാക്കലും അടക്കമുള്ളവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വളരെ കൃത്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. യാതൊരു കാരണവശാലും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം,

രണ്ട് വര്‍ഷമായി ഓടാതെ കിടന്ന ബസുകള്‍ ലക്ഷങ്ങള്‍ ചെലവാക്കി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ നിരത്തിലിറക്കാനാകാത്ത സ്ഥിതിയാണ് ഉള്ളത്.

ബസുകള്‍ രണ്ട് വര്‍ഷത്തിന് ശേഷം കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുമ്പോള്‍ 80ശതമാനം ബസുകള്‍ക്കും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിനാല്‍ തന്നെ മറ്റ് സ്വകാര്യ വാഹനങ്ങള്‍ വാടകകയ്ക്ക് എടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതരായിരിക്കുന്നു. കോവിഡ് കാലം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇനിയുമേറെ കാലം വേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ അധിക ബാധ്യത കൂടി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മേല്‍ വരുന്നത്.

എങ്കിലും കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അത് കൊണ്ട് തന്നെ എന്ത് നഷ്ടം വന്നാലും ഫിറ്റ്‌നെസ് ലഭിക്കാത്ത ഒരു വാഹനങ്ങളും നിരത്തിലിറക്കില്ലെന്ന് കൊല്ലം തേവലക്കര ഹോളി ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എല്‍ ലീന വ്യക്തമാക്കുന്നു. എത്രയും വേഗം തന്നെ അവശേഷിക്കുന്ന ബസുകള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു.

Advertisement